UnlockMedia | Kerala's Best News Portal

ഗാനഗന്ധർവൻ: വെറുമൊരു സ്ത്രീവിരുദ്ധ മിമിക്സ് പരേഡ്

കേരളത്തിലെ ഏറ്റവും മികച്ച
സ്റ്റാൻഡപ്പ്‌ കൊമേഡിയനാണു രമേഷ്‌ പിഷാരടി. എന്നാൽ സിനിമ, സ്റ്റാൻഡപ്പ്‌ കോമഡിയല്ലെന്ന കാര്യം പിഷാരടി മറന്നുപോയിരിക്കുന്നു. ‘പഞ്ചവർണ്ണത്തത്ത’ എന്നൊരു തല്ലിപ്പൊളി സിനിമയ്ക്ക്‌ ശേഷം പിഷാരടി ചെയ്ത പുതിയ പടമായ ‘ഗാനഗന്ധർവൻ’ കാണാൻ പ്രേരണ തോന്നിയത്‌ പിഷാരടിയിൽ, മമ്മൂട്ടിയിലല്ല, ശേഷിച്ചിരുന്ന വിശ്വാസം മൂലമായിരുന്നു. എന്നാൽ പിഷാരടി എന്ന സംവിധായകൻ വീണ്ടും പരാജയപ്പെടുകയും മമ്മൂട്ടിയിലെ നടൻ വിജയിക്കുകയും ചെയ്യുന്ന, കുറെ ഫലിത ബിന്ദുക്കൾ കോർത്തിണക്കിയ വെറുമൊരു സ്ത്രീവിരുദ്ധ മിമിക്സ്‌ പരേഡിന്റെ സി ഡി മാത്രമാണു ‘ഗന്ധർവൻ’

നല്ലകാലം കഴിഞ്ഞെങ്കിലും ഗാനമേളാട്രൂപ്പിൽ വല്ലവിധേനെയും പിടിച്ചുനിന്നു കുടുംബം പുലർത്തുന്ന ‘പാവപ്പെട്ട’ ഒരു ഗായകനായ കലാസദൻ ഉല്ലാസിന്റെ കഥയാണു ‘ഗാനഗന്ധർവൻ’. വർഷങ്ങളായുള്ള ബന്ധത്തിന്റെ പേരിൽ ട്രൂപ്പ്‌ മാനേജർക്ക്‌ തന്നോടുള്ള കടപ്പാടും, ഇനിയും വറ്റിത്തീർന്നിട്ടില്ലാത്ത ഏതാനും ഫാസ്റ്റ്‌ നമ്പറുകളുമാണു ഉല്ലാസിന്റെ ആകെയുള്ള കൈമുതലുകൾ. അന്യദേശങ്ങളിലെ ആസ്വാദകർ ഇഷ്ടപ്പെടുകയും കുടുംബവും നാട്ടുകാരും കാര്യമായി വിലവെക്കാതിരിക്കുകയും ചെയ്യുന്ന, സ്വന്തം കഴിവുകളും പരിമിതികളും കൃത്യമായറിയുന്ന, ഇല്ലായ്‌മകൾക്കിടയിലും വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു കലാജീവിതമാണു ഉല്ലാസിന്റേത്‌. തന്റെ ദൗർബല്യമായ ദീനാനുകമ്പ ചിലർ മുതലെടുക്കുന്നതിലൂടെ ഉല്ലാസ്‌ വലിയ പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതും അതേ ദീനാനുകമ്പയുടെ വിത്തിൽ മുളയ്ക്കുന്ന നല്ല ചില ബന്ധങ്ങളിൽ പിടിച്ചുകയറി രക്ഷപ്പെടുന്നതുമാണു ‘ഗന്ധർവനി’ലൂടെ പിഷാരടി പറയാൻ ശ്രമിക്കുന്ന കഥ. എന്നാൽ താൻ തന്നെ രചിച്ച, ധാരാളം ഓട്ടകൾ വീണ തിരക്കഥയുടെ തകരപ്പാട്ടയിൽ അയാൾ കോരുന്ന വെള്ളമത്രയും അതേ കിണറ്റിലേക്ക്‌ തന്നെ വീണുപോകുകയാണു.

പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ വികസിക്കുന്നില്ലെന്ന്
മാത്രമല്ല, അവതരണത്തിൽ യാതൊരു വിധ ആകർഷണീയതയും ആവിഷ്ക്കരിക്കുവാനും സംവിധായകനു സാധിക്കുന്നില്ല. ഒരു കല്യാണവീട്ടിൽ ചെന്നത്‌ പോലെയാണു പടത്തിന്റെ അന്തരീക്ഷം. നമുക്കറിയാവുന്നവരും അറിയാത്തവരുമായ ഒരുപാട്‌ പേർ, ഒരുപാട്‌ കഥാപാത്രങ്ങൾ, വന്നു
പോകുന്നു. വരുന്നവരെല്ലാം സദ്യയിലെ പപ്പടം പോലെ ഓരോ തമാശ പൊട്ടിക്കുന്നു.യാത്ര പറയാൻ പോലും നേരമില്ലാതെ, ചിലർ കൈ പോലും കഴുകാതെ, വന്ന വഴിയെ മടങ്ങിപ്പോകുകയും ചെയ്യുന്നു. ഈ ഒരുപാട്‌ കഥാപാത്രങ്ങളിൽ കുറച്ചാളെയെങ്കിലും ചേർത്ത്‌ കേൾക്കാൻ കൊള്ളാവുന്നൊരു കഥ ചമയ്ക്കുവാനോ പറയുവാനോ പിഷാരടിയ്ക്ക്‌ സാധിക്കാത്തതാണു പടത്തിന്റെ ഏറ്റവും വലിയ പരാധീനത.

ഉല്ലാസിന്റെ അയൽവീട്ടുകാരിയായ ഒരു ഫിസിക്സ്‌ ടീച്ചറുടെ കഥാപാത്രമുണ്ട്‌. സി.വി. രാമന്റെ ജന്മദിനത്തിനു മധുരം വിളമ്പുന്ന, അലക്കുമ്പോൾ ചിതറിത്തെറിക്കുന്ന വെള്ളത്തിൽ മഴവില്ലിന്റെ വർണ്ണരാജി തിരയുന്ന,ഒരു കാർട്ടൂൺ കഥാപാത്രം. കഥാശരീരവുമായി കൃത്യമായി വിളക്കിച്ചേർത്തിരുന്നെങ്കിൽ കാലങ്ങളോളം ഓർമ്മിക്കപ്പെടുന്ന ഒന്നായി ആ കഥാപാത്രം മാറുമായിരുന്നു. (കഥയുണ്ടായിട്ട്‌ വേണ്ടേ കഥാശരീരമൊക്കെ ഉണ്ടാവാൻ – അത്‌ മറ്റൊരു കാര്യം ! ). എന്നാൽ അങ്ങനെയൊരു ശ്രമവും സംവിധായകന്റെ ഭാഗത്ത്‌ നിന്നുണ്ടാകാതെ പോയപ്പോൾ അവരും മറ്റുള്ളവരെ പോലെ ആൾക്കൂട്ടത്തിലൊരാൾ മാത്രമായി ഒടുങ്ങിപ്പോകുകയാണു.

പടം വെറും ചളിയടി മാത്രമാണെങ്കിലും കടുത്ത സ്ത്രീവിരുദ്ധത ഉയർത്തിപ്പിടിക്കുന്നതിൽ പിഷാരടി വിജയിക്കുന്നുമുണ്ട്‌. സ്ത്രീത്വം എന്നാൽ പുരുഷന്മാരെ ചതിക്കുവാനും കള്ളക്കേസുകളിൽ ഉൾപ്പെടുത്തുവാനും ഏത്‌ തെറ്റിൽ നിന്നും സ്വയം രക്ഷപ്പെടാനുമുള്ള ഒടിമന്ത്രമാണെന്ന് ‘ഗന്ധർവൻ’ ആവർത്തിച്ചു വിളിച്ചുപറയുന്നു. സ്വന്തം വ്യക്തിത്വം പോലും അവൾക്കനുവദിച്ചു കൊടുക്കാൻ സിനിമ തയ്യാറല്ല. ഉല്ലാസിനു തോന്നുമ്പോൾ കൊള്ളുവാനും തോന്നുമ്പോൾ തള്ളുവാനും അവകാശമുള്ള , അയാളിലേക്ക്‌ മാത്രം മടക്കമുള്ള ഭാര്യ മിനിയെപ്പോലും വിട്ടേക്കാം- ഭാരതീയ സ്ത്രീയല്ലേ , ഭാവശുദ്ധി അനിവാര്യമാണല്ലോ ! ജഡ്ജി ആയ ഒരു സ്ത്രീയ്ക്ക്‌ പോലും ഭർത്താവ്‌ പകരുന്ന വെളിച്ചത്തിലേ തീർപ്പെടുക്കാൻ സാധിക്കൂ എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ മാത്രമായി ഫ്ലാഷ്‌ ബാക്ക്‌ സീനെടുക്കുന്ന സംവിധായകന്റെ പരിതാപകരമായ ലിംഗബോധം എങ്ങനെ കണ്ടില്ലെന്ന് നടിക്കും ?

ഉല്ലാസിനെ മമ്മൂട്ടി ഭംഗിയാക്കിയിട്ടുണ്ട്‌. പ്രായത്തെ മറികടക്കുന്ന ഊർജ്ജം മമ്മൂട്ടി ഉല്ലാസിനു പകർന്നു നൽകുന്നു.
അർദ്ധാവസരങ്ങളിൽപ്പോലും ഇമോഷണൽ ഔട്ട്ബ്രെയ്ക്‌ സൃഷ്ടിക്കുവാനുള്ള അദ്ധേഹത്തിന്റെ അപാരമായ സിദ്ധി ‘ഗന്ധർവനി’ലും പലവുരു കാണാം. മമ്മൂട്ടി എന്ന മഹാനടന്റെ ഒപ്പോസിറ്റ്‌ ചെയ്യുന്നതിന്റെ യാതൊരു പകപ്പുമില്ലാതെ ഉല്ലാസിന്റെ ഭാര്യയുടെയും വില്ലന്റെയും വേഷങ്ങൾ പുതുമുഖ അഭിനേത്രികളായ വന്ദിതയും അതുല്യയും മികവുറ്റതാക്കി. ഹോസ്പിറ്റൽ ഐ.സി.യു. വിന്റെ മുൻപിൽ വെച്ച്‌ ചാലി പാലയോട്‌ ‘മാപ്പ്‌’ പറയുന്ന സീനിൽ അശോകൻ കാഴ്ചവെച്ച മനോഹരമായ കോമഡി ടൈമിങ്ങും എടുത്ത്‌ പറയേണ്ടതാണു.
നല്ല നടന്മാരായ മനോജ്‌ കെ ജയനെയും മോഹൻ ജോസിനെയും കുറെ നാളുകൾക്ക്‌ ശേഷം മുഴുനീളെ കാണാൻ സാധിക്കുന്നതും സന്തോഷകരമായ കാര്യമാണു.
ഗാനമേളയാണു പശ്ചാത്തലമെങ്കിലും ദീപക്‌ ദേവിന്റെ പാട്ടുകൾ ശരാശരി മാത്രം. അളഗപ്പന്റെ ചിത്രീകരണവും ലിജോ പോളിന്റെ ചിത്രസംയോജനവും നന്നായിട്ടുണ്ട്‌.

 

Exit mobile version