വാഷിംഗ്ടണ്‍: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്ന് ഐ.എം.എഫിന്റെ (അന്തരാഷ്ട്ര നാണ്യനിധി) മുന്നറിയിപ്പ്. നേരത്തെ ഏപ്രില്‍ മാസത്തില്‍ 7.3 ശതമാനം വളര്‍ച്ചയാണ് ഐ.എം.എഫ് പ്രവചിച്ചിരുന്നത്. ആഗോള വിപണിയിലും കടുത്ത മാന്ദ്യം ഉണ്ടാകുമെന്നും ഐ.എം.എഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഗോള സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യന്‍ ധനകാര്യ നയ സമിതിയുടെ പ്രവചനവുമായി പൊരുത്തപ്പെടുന്നതാണ് ഐഎംഎഫിന്റെ 201920 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് പ്രവചനം. ഭൗമരാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം, വര്‍ധിച്ചുവരുന്ന വ്യാപാര തടസങ്ങള്‍, കുറഞ്ഞ ഉല്‍പാദനക്ഷമത വളര്‍ച്ച, വികസിത രാജ്യങ്ങളിലെ ജനസംഖ്യാ വര്‍ധന തുടങ്ങിയവ ആഗോള മാന്ദ്യത്തിന് കാരണമായതായി ഐ.എം.എഫ് മുഖ്യസാമ്പത്തിക വിദഗ്ദ്ധയായ ഗീതാ ഗോപിനാഥ് പറഞ്ഞു.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും അവര്‍ വ്യക്തമാക്കി. 2018ലെ ഇന്ത്യയുടെ യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. 2020ല്‍ വളര്‍ച്ചാ നിരക്ക് 7.0 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനനയം ലഘൂകരിക്കല്‍, കോര്‍പ്പറേറ്റ് ആദായനികുതി നിരക്കിന്റെ കുറവ്, കോര്‍പ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണ അനിശ്ചിതത്വം പരിഹരിക്കുന്നതിനുള്ള സമീപകാല നടപടികള്‍, ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയാണ് ഇന്ത്യയുടെ ഭാവി വളര്‍ച്ചയെ പിന്തുണയ്ക്കുന്നതെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.