കോഴിക്കോട്: നവാഗത സംവിധായകന്‍ ഹാഷിം സക്കീര്‍ നീലാടന്‍ സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. കുറഞ്ഞ സമയം കൊണ്ട് നിരവധി പേരാണ് ചിത്രം യൂട്യൂബില്‍ കണ്ടത്. സമകാലിക ഇന്ത്യയുടെ നെറികേടുകള്‍ക്കെതിരേ പ്രതികരിക്കുന്ന ചിത്രം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ വികലമാക്കുന്ന ഭരണകൂട-ഉദ്യോസ്ഥരുടെ ഇരകളെ തുറന്നു കാട്ടുന്നതാണ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് ചിത്രത്തിന്റെ പ്രിവ്യു ഷോ കോഴിക്കോട്ടുവെച്ച് നടന്നത്.

പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം അഹിംസ, സ്വാതന്ത്ര്യം, ജീവിതം തുടങ്ങിയ ഗാന്ധിയന്‍ തലങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. നാലു ചാപ്റ്ററുകളായാണ് ചിത്രം ഒരുക്കിയത്. മൂന്ന് ചാപ്റ്ററുകള്‍ ഡ്രാമാറ്റിക്കും അവസാന ചാപ്റ്റര്‍ റിയലിസ്റ്റിക്കുമായിട്ടാണ് സംവിധായകന്‍ ചിത്രത്തെ സമീപിച്ചത്. കൂടെ ജോലി ചെയ്യുന്ന ഒരുപറ്റം കൂട്ടുകാര്‍ പത്തും നൂറും രൂപകള്‍ ചേര്‍ത്തുവെച്ച് കാമറ വാടകയ്‌ക്കെടുത്താണ് ചിത്രം ഒരുക്കിയത്.

ഹാഷിം സക്കീര്‍ നീലാടന്‍

അതുകൊണ്ടുതന്നെ ഒരു കൂട്ടായ്മയുടെ ഫലമായാണ് ഈ ചിത്രം പിറവിയെടുത്തതെന്ന് സംവിധായകന്‍ പറഞ്ഞു.
എം. അര്‍ജുന്റേതാണ് കഥ. ലിധീഷ്, രാസിന്‍, രാഹുല്‍ റഹിം, എന്‍. നവാസ്, നജീബ് ഇര്‍ഫാന്‍, ഫാസിമുഹമ്മദ്, ആശിഖ്, സൂരജ്, ഗിരീഷ് പാലാരി, മുഹമ്മദ് അന്‍വര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.