ന്യൂഡല്‍ഹി: ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തം. ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ തുടക്കും കുറിച്ച പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. അതേസമയം പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരു നഗരത്തില്‍ ടൗണ്‍ഹാളിനു മുന്നില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ എത്തിയ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍ പ്രതിഷേധിച്ച സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും ഡി. രാജയെയും ബൃന്ദ കാരാട്ടിനെയും അറസ്റ്റ് ചെയ്തു. ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധിച്ച ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെയും കസ്റ്റഡിയിലെടുത്തു. യോഗേന്ദ്ര യാദവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഡല്‍ഹിയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. എയര്‍ടെല്‍ ആണ് ഇപ്പോള്‍ സേവനം നിര്‍ത്തിവെച്ചത്. എന്നാല്‍ മറ്റിതര മൊബൈല്‍ സേവന ദാതാക്കളോടും കണക്ഷന്‍ വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. മാധ്യമസ്ഥാപനങ്ങള്‍ ഏറെയുള്ള തലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചാല്‍ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തപ്പെടുന്നു. സീലംപൂര്‍, ഐ.ടി.ഒ ഇന്ത്യാഗേറ്റ് എന്നിവിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി.

അതിനിടെ നിരോധനാഞ്ജ മറികടന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. എല്ലാ റോഡുകളും പതിനേഴ് മെട്രോ സ്‌റ്റേഷനുകളും അടച്ചിട്ടുണ്ട്. ഇപ്പോഴും വിദ്യാര്‍ഥികള്‍ ചെങ്കോട്ടയില്‍ പ്രതിഷേധിക്കാന്‍ ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഇന്നലെ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു.

പ്രധാനമായും ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ആയിരങ്ങളാണ് പലയിടങ്ങളിലും ഒരുമിച്ച് കൂടുന്നത്.