UnlockMedia | Kerala's Best News Portal

ജല്ലിക്കട്ട്: ആല്‍ഫാ മെയില്‍ വന്യതയുടെ ഒരു പെരുംപടപ്പ്

സുജിത്ത് ചന്ദ്രന്‍
———————————-

മനുഷ്യകുലത്തിന്റെ ജനിതകഗോവണിയുടെ ഗോത്രസ്മൃതികളിലെങ്ങും സഹിഷ്ണുതയുടെ അടരുകളില്ലെന്നാണ് യുവാല്‍ നോഹ ഹരാരി അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് പുസ്തകമായ സാപ്പിയന്‍സില്‍ സമര്‍ത്ഥിക്കുന്നത്. ആദിമ പുരുഷന്റെ (alpha male) നിരന്തരമായ സംഘട്ടനങ്ങളുടേയും ഉന്മൂലനങ്ങളുടേയും മഹാഖ്യായികയാണ് നരവംശചരിത്രപുസ്തകം. മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയാണ്ടര്‍ താല്‍ മനുഷ്യര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായി. ഏതാണ്ട് അമ്പതിനായിരം വര്‍ഷത്തെ ഹിംസാത്മക സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയില്‍ നമ്മുടെ പ്രപിതാമഹന്മാര്‍ അവരെ ഉന്മൂലനം ചെയ്തുവെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം. ഹോമോ റുഡോള്‍ഫെന്‍സിസ്, ഹോമോ സോളന്‍സിസ്, ഹോമോ ഇറക്ട്‌സ്, ഹോമോ ഡെനിസോവന്‍സ് എന്നിങ്ങനെ നമ്മുടെ വര്‍ഗ്ഗഗുണം കൊണ്ട് കഥാവശേഷരായ ആദിമ മനുഷ്യവര്‍ഗ്ഗങ്ങള്‍ അനവധി.

Tolerance was never a sapiens Trademark!
ഗോത്രഹിംസയുടെ ആ ആദിമചോദനകളെ തിരശ്ശീലയിലേക്ക് കെട്ടഴിച്ചുവിടുന്നു ലിജോ ജോസ് പെല്ലിശ്ശേരി. വെട്ടിപ്പിടിച്ചും വെട്ടിത്തെളിച്ചും വെന്തും നൊന്തും നോവിച്ചും കൊന്നും തിന്നും നവകാലത്തേക്ക് ചാട്ട തെളിച്ചെത്തിയെങ്കിലും ഇരുകാലിലോടുന്ന മൃഗം തന്നെയായ മനുഷ്യന്റെ വാരിയെല്ലുകളില്‍ പിടിയോളം വന്നുതൊടുന്ന പിച്ചാത്തിയാണ് ജല്ലിക്കട്ട് എന്ന സിനിമ. തിരശ്ശീലയില്‍ ചിതറിവീഴുന്ന പൊളിവെട്ടങ്ങളില്‍ തീയേറ്ററിന്റെ ഇരുട്ടത്ത് അതിന്റെ വായ്ത്തല പാളുമ്പോള്‍ കോശപടലങ്ങളിലെ പ്രാചീനമായ മാറാല വകഞ്ഞ് ഗോവണിക്കയ്യുകളിലൂടെ ഒരു വൈദ്യുതി പ്രവഹിക്കുന്നതറിയാം. കസേരക്കയ്യില്‍ മുറുക്കെപ്പിടിക്കുമ്പോള്‍ പ്രാകൃതനായൊരു ഇരുകാലിമൃഗം ഉപ്പൂറ്റിയുടെ അസ്ഥിബന്ധങ്ങളില്‍ കുളമ്പുകുത്തുന്നത് അനുഭവിക്കാം.

ഏതൊരു മുറിവേറ്റ മൃഗത്തിനും എല്ലാ സാമ്പ്രദായികതകളേയും കൊടിമരങ്ങളേയും കൊമ്പില്‍ കൊരുക്കാം. വേട്ടമൃഗത്തിന്റെ ഗതികെട്ട പാച്ചിലില്‍ സമൂഹത്തിന്റെ ജൈവതാളങ്ങളുടെ സ്വാസ്ഥ്യം തെറ്റുമ്പോള്‍ മാത്രം അവനവനിലെ വേട്ടക്കാരനേയും വേട്ടമൃഗത്തേയും നമ്മള്‍ വേറിട്ടറിയും. ഏറ്റവും രുചിയുള്ള ഇറച്ചി മനുഷ്യന്റേത് തന്നെയെന്ന വെളിപാടപ്പോള്‍ ഇരുട്ടത്തൊരു വെള്ളിടിയായി വെട്ടും! നമ്മളെത്തന്നെ ഉറയൂരി നമ്മുടെ മുന്നില്‍ ഊറയ്ക്കിടുകയാണ് പെല്ലിശ്ശേരിയുടെ ചലച്ചിത്രപ്രതിഭ.

മലയാളസിനിമയിലെ ഒരു മഹാനിര്‍മ്മിതിയെന്ന് ഉറപ്പായും ജല്ലിക്കട്ടിനെ വിളിക്കാം. പ്രമേയത്തില്‍, ആഖ്യാനത്തില്‍, നിര്‍മ്മാണത്തില്‍ ഒക്കെ മൗലികവും അതിന്റെ തരത്തിലെ ആദ്യത്തേതുമാണത്. എസ്.ഹരീഷിന്റെ മാവോയിസ്റ്റ് സിനിമാകാരം പ്രാപിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയം ബൃഹദാകാരം പ്രാപിക്കുകയാണ്. ഗിരീഷ് ഗംഗാധരന്‍ എന്ന ക്യാമറ പ്രതിഭ കെട്ടഴിഞ്ഞ് ചുരകുത്തിപ്പായുകയാണ്. പശ്ചാത്തലസംഗീതവും ശബ്ദപഥവും ഒരുക്കിയ പ്രശാന്ത് പിള്ളയും രംഗനാഥ് രവിയും കണ്ണന്‍ ഗണപതും പ്രേക്ഷകന്റ സിരാപടലങ്ങളില്‍ ചലച്ചിത്രോന്മാദത്തിന്റെ പ്രകാശഗോപുരങ്ങള്‍ തീര്‍ക്കുകയാണ്… എല്‍ജെപി എന്ന മാന്ത്രികനായ നിഷേധി മലയാളത്തിലെ ഒന്നാം നിര ചലച്ചിത്രപ്രവര്‍ത്തകരുടെ നിരയില്‍ കസേരയിട്ടിരിക്കുകയാണ്…

ക്ലൈമാക്‌സിലേക്കെത്തുമ്പോള്‍ മാജിക്കല്‍ റിയലിസത്തിന്റെ മാന്ത്രികതയില്‍ അസ്ഥികള്‍ പൂക്കും. പിന്‍തലയ്ക്ക് പ്രഹരം കിട്ടിയ പോത്തിന്‍ കൂറ്റനെപ്പോലെ കാഴ്ചയുടെ ആഘാതത്തില്‍ നിങ്ങള്‍ സ്ഥലകാലങ്ങള്‍ക്കപ്പുറത്തേക്ക് വലിച്ചെറിയപ്പെടും. തിരിച്ചറിവുകള്‍ നമ്മുടെ തീരുമാനങ്ങളാകും.
ഈ കുറിപ്പ് നിര്‍ത്തുംമുമ്പ് ഇങ്ങനെയൊരു സിനിമ ഇതിനുമുമ്പ് മലയാളത്തില്‍ വന്നിട്ടില്ലെന്ന് എനിക്കൊന്നുകൂടി ആവര്‍ത്തിക്കണം.

Exit mobile version