UnlockMedia | Kerala's Best News Portal

പ്രക്ഷുബ്ധമായി ജാമിഅ; പാര്‍ലമെന്റ് ലോംഗ് മാര്‍ച്ചിനിടെ പൊലീസ് അതിക്രമം, ഗ്രനേഡ് പ്രയോഗത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പരിക്ക്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരം അടിച്ചൊതുക്കാന്‍ കേന്ദ്രത്തിന്റെ ശ്രമം. എസ്.ഐ.ഒ, എം.എസ്.എഫ്, എസ്.എഫ്.ഐ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ച് പൊലീസ് തടഞ്ഞു. ആയിരക്കണക്കിനു വിദ്യാര്‍ഥികളും നാട്ടുകാരുമാണ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്തത്.

മാര്‍ച്ച് ആരംഭിച്ച് ജാമിഅയുടെ ഒന്നാം ഗേറ്റിനു പുറത്തെത്തിയപ്പോള്‍ പൊലീസ് വലിയ ബാരിക്കേഡ് വെച്ച് റോഡിന്റെ ഇരുഭാഗങ്ങളും തടഞ്ഞുവെച്ചു.
സമരാവേശത്തില്‍ വിദ്യാര്‍ഥികള്‍ ബൈരിക്കേഡിനു മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. അതിനിടെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തി വീശി.

പിന്തിരിഞ്ഞോടിയവര്‍ക്കു നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും ഉപയോഗിച്ചു. ക്യാമ്പസിനകത്തേക്കു കടന്നും പൊലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ ബലം പ്രയോഗിച്ചു. പൊലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

ശനിയാഴ്ചയും പരീക്ഷ ബഹിഷ്‌കരിച്ച് സമരമുഖത്തേക്കിറങ്ങാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. കഴിഞ്ഞ ദിവസവും ജാമിഅയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നിരുന്നു. പ്രധാന റോഡിലൂടെ കാമ്പസിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറോളം റോഡ് ഉപരോധിക്കുകയും ചെയ്തു.

ഏഴാം ഗേറ്റ് അടച്ചിടുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതി ബില്‍ കീറിയെറിഞ്ഞും ഹിന്ദുത്വ മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും വിദ്യാര്‍ഥികള്‍ തെരുവുകളിലേക്ക് പടര്‍ന്നിരിക്കുകയാണ്.

Exit mobile version