UnlockMedia | Kerala's Best News Portal

ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ തേര്‍വാഴ്ച; നിരവധി പേര്‍ക്ക് പരുക്ക്; മലയാളി അധ്യാപകന് മര്‍ദനം;

ഡല്‍ഹി: ജെ.എന്‍.യുവില്‍ ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ എ.ബി.വി.പി ആക്രമണം. മുഖംമൂടി ധരിച്ചെത്തിയ അറുപതോളം പേരാണ് കാമ്പസിനകത്ത് പ്രവേശിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം നടത്തിയത്.

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഗോഷി അടക്കം നിരവധി പേര്‍ക്ക് സാരമായ പരുക്കേറ്റു. വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി സതീഷിനും മാരകമായ പരുക്കുണ്ട്. മലയാളി അധ്യാപകന്‍ അമിത് പരമേശ്വരനും ജെ.എന്‍.യു പ്രൊഫസര്‍ സുചരിത സെന്നിനും പരുക്കേറ്റു. അതേസമയം പരുക്കേറ്റവരെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെ അക്രമിക്കുകയാണ്. ഐഷെ ഘോഷിയുടെ പരുക്ക് സാരമുള്ളതാണ്. തലയ്ക്ക് മാരകമായ പരുക്കേറ്റിട്ടുണ്ട്.

ഡിസംബര്‍ 15ന് ജാമിഅ കാമ്പസില്‍ സംഭവിച്ചത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പൊലീസിന്റെ കാവലില്‍ ഗുണ്ടകള്‍ കാമ്പകസിനകത്തേക്ക് അതിക്രമിച്ചുകയറി വിദ്യാര്‍ഥികളെ തല്ലിച്ചതക്കുകയായിരുന്നു.

അതിനിടെ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വന്ന ഡി.വൈ.എഫ്.ഐയുടെ ആംബുലന്‍സ് അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവ സ്ഥലത്തെത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗീന്ദ്ര യാഥവിനെതിരേ ആസൂത്രണത്തോടെയാണ് അക്രമം നടന്നത്. പൊലീസ് നോക്കിനില്‍ക്കെയാണ് എ.ബി.വി.പിയുടെ ഗുണ്ടകള്‍ തങ്ങളെ അക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതേസമയം അക്രമികള്‍ ഇപ്പോഴും കാമ്പസിനകത്തു തന്നെയാണെന്നാണു വിവരം. ഗേറ്റിനകത്തേക്കോ പുറത്തേക്കോ വിദ്യാര്‍ഥികളാരും തന്നെ പോകുന്നില്ല. പൊലീസ് മാത്രമാണ് ഇതുവഴി പോകുന്നത്.

വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച എയിംസില്‍ ബി.ജെ.പി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. കോണ്‍ഗ്രസ് സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മറ്റു പ്രമുഖരും ഇപ്പോള്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ എയിംസിലെത്തിയിട്ടുണ്ട്.പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്.

ഫാസിസ്റ്റ് ശക്തികള്‍ വിദ്യാര്‍ഥി ശബ്ദത്തെ ഭയക്കുകയാണെന്നും സംഭവം ഞെട്ടിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Exit mobile version