ബംഗളൂരു: വരുന്ന കര്‍ണാടകയിലെ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ഡെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ. എന്നാല്‍ എത്ര മണ്ഡലങ്ങളിലാണ് ഒറ്റക്ക് മത്സരിക്കുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഞായറാഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
നേരത്തെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എമാരുടെ മണ്ഡലത്തിലേക്കാണ് ഒക്ടോബര്‍ 21 ന് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. അതേസമയം സഖ്യമില്ലെന്നു പറഞ്ഞതോടെ കോണ്‍ഗ്രസിനു ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കൂടാതെ, ജെ.ഡി.എസിനും നിര്‍ണായകമാണ്.
കഴിഞ്ഞ ജൂലൈയിലാണ് സ്പീക്കര്‍ കെ.ആര്. രമേഷ് കര്‍ണാടകയിലെ 17 വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയത്. ഇതോടെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാത്ത കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനു പകരം കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുകയായിരുന്നു.