തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഒരുചുവട് മുന്നേ എറിഞ്ഞ് എല്‍.ഡി.എഫ്. അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തര്‍ക്കത്തില്‍ വഴിമുട്ടി യു.ഡി.എഫ്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കലിനെ അരൂരും തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവിലുമാണ് സ്ഥാനാര്‍ഥികളായി നിര്‍ത്തിയിട്ടുള്ളത്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു ജനീഷ്‌കുമാര്‍ കോന്നിയില്‍ നിന്ന് ജനവിധി തേടും.

എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഡ്വ. മനു റോയിയെ പരിഗണിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി അംഗം എം. ശങ്കര്‍ റൈയെ മഞ്ചേശ്വരത്ത് നിര്‍ത്തി. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം റോയിയുടെ മകനാണ് മനു റോയ്. നേരത്തെ മഞ്ചേശ്വരത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റിയും സി.പി.എം സംസ്ഥാന നേതൃത്വവും നിര്‍ദേശിച്ചിരുന്നത് മുന്‍ എം.എല്‍.എ കുഞ്ഞമ്പുവിനെ ആയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ശങ്കര്‍ റയ്ക്കാണ് നറുക്കു വീണത്.

അതേസമയം പുതുമുഖങ്ങളെ പരീക്ഷിച്ച് മണ്ഡലം തിരിച്ചുപിടിക്കുക എന്ന പ്രയത്‌നം ഇതുകൊണ്ട് എളുപ്പത്തില്‍ സാധ്യമാകുമെന്നാണ് എല്‍.ഡി.എഫ് കണക്ക് കൂട്ടുന്നത്. ഇതുവരെയും മണ്ഡലത്തിലേക്ക് മത്സരിക്കാത്തവരാണ് അ്ഞ്ചുപേരും. പ്രളകാലത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന് വന്‍ പിന്തുണയാണ് നിലവിലുള്ളത്. പ്രളയകാലത്ത് മലബാറിലേക്ക് ആവശ്യമായ സാധനങ്ങള്‍ അയച്ചും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയും സോഷ്യല്‍ മീഡിയയിലടക്കം സജീവമായിരുന്നു.

അതേസമയം തര്‍ക്കങ്ങളില്‍പെട്ട് യു.ഡി.എഫില്‍ ഇനിയും സ്ഥാനാര്‍ഥി നിര്‍ണയം വൈകുകയാണ്. മുസ്ലിം ലീഗിന്റെ സീറ്റായ മഞ്ചേശ്വരത്ത് മാത്രമാണ് നിലവില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനാണ് സ്ഥാനാര്‍ഥി. അതിനിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നാലുദിവസം ശേഷിക്കെ മാരത്തണ്‍ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.