ന്യൂഡല്‍ഹി: കേരളത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന് നടക്കും. അരൂര്‍, എറണാകളും, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍. നേരത്തെ ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കെ. മുരളധീരന്‍, അടൂര്‍ പ്രകാശ്, എ.എം ആരിഫ്, ഹൈബി ഈഡന്‍ എന്നിവര്‍ എം.പിമാരായി വിജയച്ചതോടെയാണ് നാല് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോന്നി, വട്ടിയൂര്‍ക്കാവ്, എറണാകുളം, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ മത്സരിച്ച് വിജയിച്ചത്. പി.ബി അബ്ദുറസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം ഒരു സിറ്റിങ് സീറ്റുള്ള എല്‍.ഡി.എഫിനും നാല് സിറ്റിങ് സീറ്റുകളുള്ള യു.ഡി.എഫിനും ഉപതെരഞ്ഞെുപ്പ് നിര്‍ണായകമാണ്. പി. ആരിഫിന്റെ അരൂരൊഴികെ നാലും യുഡിഎഫിന്റെ സീറ്റിങ് മണ്ഡലങ്ങളാണ്. അത് കൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പ് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് യു.ഡി.എഫാകും. എന്നാല്‍ യു.ഡി.എഫിന്റെ ഏതെങ്കിലും ഒരു സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്താല്‍ അത് എല്‍.ഡി.എഫിന്റെ വന്‍ നേട്ടമായി വിലയിരുത്തപ്പെടും. അതേസമയം വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ബി.ജെ.പി കൂടി വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
അതിനിടെ ഒരുമാസത്തിനുള്ളില്‍ വേണം ഇനി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും. കൂടുതല്‍ ചര്‍ച്ചകളിലേക്ക് നീങ്ങാതെ എല്ലാ മുന്നണികളും സ്ഥാനാര്‍ഥികളെ ഉടന്‍ തീരുമാനിച്ചേക്കും. പാലാ ഉപതെരഞ്ഞെടുപ്പിന്റെ ചൂടടങ്ങും മുമ്പ്് വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചര്‍ച്ചയിലേക്ക് നീങ്ങുകയാണ് സംസ്ഥാനം.