UnlockMedia | Kerala's Best News Portal

രാഷ്ട്രീയ നേതാക്കൾക്ക് സക്കരിയ്യയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കൂ

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിലെ യു.എ.പി.എ കേസില്‍ യു.ഡി.എഫ് ഇടപെട്ടതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യു.എ.പി.എ ചുമത്തപ്പെട്ട് പതിനൊന്ന് വര്‍ഷത്തോളമായി കര്‍ണാടക അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സക്കരിയ്യയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാന്‍ ആജ്ഞാപിച്ച് സോഷ്യല്‍ മീഡിയ.

തിങ്കളാഴ്ച വൈകിട്ടോടെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ താഹയുടെയും അലന്‍ ശുഹൈബിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് വിഷയത്തില്‍ യു.ഡി.എഫ് ഇടപെടുമെന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരം ചൊവ്വാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിച്ച് വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളൊന്നും തിരിഞ്ഞുനോക്കാത്ത പരപ്പനങ്ങാടി സക്കരിയ്യയിലേക്ക് ശ്രദ്ധ ക്ഷണിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുള്ളത്.

ഇടതു വലത് രാഷ്ട്രീയക്കാര്‍ക്കും മറ്റു സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സക്കരിയ്യയുടെ വീട്ടിലേക്കുള്ള കാണിക്കുക എന്ന ടൈറ്റിലില്‍ പസിൽ വരച്ചാണ് സോഷ്യല്‍ മീഡിയ സക്കരിയ്യക്കായി, രാഷ്ട്രീയപാര്‍ട്ടികളുടെ മുതലെടുപ്പു ശ്രമത്തിനെതിരെയും സെലക്ടീവ് നടപടിക്കെതിരായും രംഗത്തെത്തിയിട്ടുള്ളത്. യു.എ.പി.എ തടവുകാരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും അണികള്‍ക്കുമായി സമര്‍പ്പിക്കുന്ന ഫോട്ടോ എന്ന ടൈറ്റിലില്‍ സക്കരിയ്യയുടെ മാതാവ് ബിയ്യുമ്മ പ്രാര്‍ഥിക്കുന്ന ചിത്രം നല്‍കിയും സക്കരിയ്യയുടെ അഡ്രസ്സും ചേര്‍ത്തുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ കാണുന്നു.

2008ല്‍ നടന്ന ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് കര്‍ണാടക പോലിസ് സക്കരിയ്യയെ അറസ്റ്റ് ചെയ്യുന്നത്. 2009 ഫെബ്രുവരി അഞ്ചിന് സക്കരിയ്യയെ ജോലി ചെയ്യുന്ന തിരൂരിലെ മൊബൈല്‍ ഷോപ്പില്‍നിന്ന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കാതെയും ബന്ധുക്കളെ പോലും ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിക്കാതെയും കര്‍ണാടക പോലിസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

അതേസമയം, അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ നല്‍കിയ അപേക്ഷയില്‍ ഇന്ന് വിധി പറയാനിരിക്കുകയാണ്. കൊച്ചി എന്‍.ഐ.എ കോടതിയാണ് വിധി പറയുക. പ്രതികളെ അടുത്ത മാസം 24 വരെ തൃശൂരിലെ ജയിലിലേക്കാണ് മാറ്റിയത്.

Exit mobile version