തിരുവനന്തപുരം: ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ സെക്യൂരിറ്റിത്തുക ഈടാക്കി ഉപാധികളോടെ വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കൂടാതെ സ്വന്തം പേരിലുള്ള ബോണ്ടും വാഹനത്തിന്റെ അസ്സല്‍ രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് ടിആര്‍ രവിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ലോക്ക്ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തില്‍ തിരിച്ച് നല്‍കാനായിരുന്നു നിര്‍ദേശം.
ആദ്യ ഘട്ടത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചായിരുന്നു കേസ്. പകര്‍ച്ച വ്യാധി ഓര്‍ഡിനന്‍സ് വന്ന ശേഷം അതിലെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. ഈ വകുപ്പുകള്‍ ചേര്‍ത്ത കേസുകളില്‍ പിഴയീടാക്കി വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള തടസം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നിയമോപദേശം തേടിയിരുന്നു.

വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ അടയ്‌ക്കേണ്ട തുക

ഇരുചക്ര വാഹനങ്ങള്‍ 1000 രൂപ
കാര്‍ അടക്കമുള്ളവയ്ക്ക് 2000 രൂപ
ഇടത്തരം വാഹനങ്ങള്‍ക്ക് 4000 രൂപ
വലിയ വാഹനങ്ങള്‍ക്ക് 5000 രൂപ