ബംഗളൂരു: അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ മറുകടന്നായിരുന്നു നടപടി. മഅ്ദനി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ് ബുക്കിലൂടെ അറിയിച്ചത്. പ്രത്യേക സാഹചര്യത്തില്‍ ഡിസ്ചാര്‍ജ് ആകേണ്ടി വന്നു എന്നു തുടങ്ങുന്ന കുറിപ്പ് വിചാരണക്കോടതിയുടെ ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കാനുള്ള വ്യഗ്രതയും തുറന്നുപറയുന്നുണ്ട്.
കുറഞ്ഞത് ഒരു മാസം കൂടിയെങ്കിലും
ആശുപത്രിയില്‍ ഉണ്ടായാല്‍ മാത്രമെ അല്പമെങ്കിലും ഫലപ്രദമായ സ്ഥിതി ഉണ്ടാവുകയുള്ളൂ എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും വിചാരണക്കോടതിയില്‍ നിന്നും ഒട്ടും അനുകൂല സമീപനമല്ല ഉണ്ടായത് എന്നും അദ്ദേഹം കുറിച്ചിട്ടു.
കുറിപ്പ് പൂര്‍ണമായും വായിക്കാം:
കോടതി നടപടികള്‍ക്കിടയില്‍ ശാരീരികാസ്വസ്ഥത മൂര്‍ച്ഛിച്ച് കഴിഞ്ഞ പന്ത്രണ്ടാം തീയതി ബാംഗ്‌ളൂരില്‍ വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടുവെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇന്ന് ഡിസ്ചാര്‍ജ് ആകേണ്ടി വന്നു. ശക്തമായ പിരടി വേദന,നടുവേദന,തലയ്ക്ക് വിങ്ങല്‍ തുടങ്ങിയ അസുഖങ്ങള്‍ വര്‍ധിക്കുകയും diabetic neuropathy കാരണം ശരീരത്തിന് അസഹ്യമായ തണുപ്പ് അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.അലോപ്പതി,ആയുര്‍വേദ,ഹോമിയോ ചികിത്സകള്‍ സമന്വയിപ്പിച്ചുള്ള ചികിത്സകള്‍ ലഭ്യമാകുന്ന ‘സൗഖ്യ’യില്‍ മുമ്പ് ബഹു:സുപ്രീം കോടതിയുടെയും കര്‍ണാടക ഹൈക്കോടതി യുടെയും നിര്‍ദേശപ്രകാരം മൂന്നു തവണ ചികിത്സ ലഭ്യമായപ്പോഴും അസുഖങ്ങള്‍ക്ക് ആശ്വാസം ലഭിച്ചിരുന്നു.പ്രധാനമായും വിവിധതരം ആയുര്‍വേദ ചികിത്സകളിലൂടെയാണ് വേദനയ്ക്ക് കുറവുണ്ടായിട്ടുള്ളത്.
എന്നാല്‍ ഇത്തവണ ശരീരം കൂടുതല്‍ ദുര്‍ബലമാവുകയും (കഴിഞ്ഞ തവണ ‘സൗഖ്യ’യില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ ശരീര ഭാരം 60 കിലോക്ക് മുകളിലായിരുന്നത് ഇത്തവണ 44.5 കിലോ ആയി കുറഞ്ഞിട്ടുണ്ട്)തണുപ്പ് വല്ലാതെ അനുഭവപ്പെടുകയും ചെയ്യുന്നതിനാല്‍ എണ്ണ ശരീരത്ത് സ്പര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. അതുകൊണ്ടു തന്നെ ശരീരത്തിന്റെ തണുപ്പ് മാറ്റിയെടുക്കാനും അനിയന്ത്രിതമായ പ്രമേഹം കുറച്ചെങ്കിലും നിയന്ത്രണ വിധേയമാക്കാനുമുള്ള ചികിത്സാ രീതികളാണ് ഡോക്ടര്‍ ഐസക്ക്മത്തായി, Dr. നാരായണന്‍നമ്പൂതിരി,Dr.രഘുവീര്‍, Dr.ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയത്. കുറഞ്ഞത് ഒരു മാസം കൂടിയെങ്കിലും ആശുപത്രിയില്‍ ഉണ്ടായാല്‍ മാത്രമെ അല്പമെങ്കിലും ഫലപ്രദമായ സ്ഥിതി ഉണ്ടാവുകയുള്ളൂ എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും വിചാരണക്കോടതിയില്‍ നിന്നും ഒട്ടും അനുകൂല സമീപനമല്ല ഉണ്ടായത്. അതു കൊണ്ട് തന്നെ, ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനു വിരുദ്ധമായി ഇന്ന് ഡിസ്ചാര്‍ജ് വാങ്ങി തിരികെ പോരേണ്ടി വന്നു.
നാളെ മുതല്‍ കോടതിയില്‍ പോകേണ്ടി വരും. നിലവിലെ ശാരീരികാസ്വസ്ഥതയില്‍ മണിക്കൂറുകളോളം കോടതിയില്‍ പോയി ഇരിക്കേണ്ടി വരുന്നത് വളരെ വിഷമകരമായിരിക്കും. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2014 നവംബറില്‍ ‘4 മാസങ്ങള്‍ക്കുള്ളില്‍ വിചാരണ തീര്‍ത്തു കൊള്ളാം’ എന്നു സുപ്രിംകോടതിയില്‍ കര്‍ണാടക പ്രോസിക്യൂഷന്‍ ഉറപ്പു കൊടുത്തിട്ടു അരപതിറ്റാണ്ടു കഴിഞ്ഞിട്ടും എവിടെയുമെത്താത്ത കേസിലെ കോടതി നടപടികള്‍ക്കിടയില്‍, ഇപ്പോള്‍ ഏതാനും ദിവസം ഞാന്‍ ഒന്ന് ചികിത്സ തേടിയാല്‍ ‘നീതിയുടെ ആകാശം’ ഇടിഞ്ഞു വീഴുമെങ്കില്‍ എന്താണ് ചെയ്യുക? എന്തായാലും നാഥനിലുള്ള എന്റെ ഉറച്ച സമര്‍പ്പണത്തിന് ഒരു കുറവുമുണ്ടാകില്ല.മരണത്തിനപ്പുറം ഒന്നും സംഭവിക്കാനുമില്ല.
എന്റെ പ്രിയ സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കുക, നീതിനിഷേധത്തിന്റെ ഈ അഭിശപ്ത നാളുകളില്‍ വിശ്വാസത്തിന്റെ ചൈതന്യത്തോടെ പിടിച്ചു നില്‍ക്കാന്‍!!!