ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. പതിനേഴ് വിമത എം.എല്‍.എമാര്‍ കര്‍ണാടകത്തിലേക്ക് പോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പം പുലര്‍ത്തുന്ന എം.എല്‍.എമാരാണ് കര്‍ണാടകത്തിലേക്ക് പോയതെന്നാണു സൂചന.
എന്നാല്‍ മാറിനില്‍ക്കുന്ന എം.എല്‍.എമാരെ ചേര്‍ത്തുനിര്‍ത്തി മന്ത്രിസഭ വികസനം നടത്തി സര്‍ക്കാരിന്റെ മുഖം രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി കമല്‍നാഥ് ഇവരുടെ രാജി ആവശ്യപ്പെട്ടതെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. കമല്‍നാഥിനെ അംഗീകരിക്കുന്ന മന്ത്രിമാരാണ് രാജി വെച്ചത്.
ഇതോടെ 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 113 ആയി. ബി.ജെ.പിക്ക് 107 അംഗമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഭരണം പിടിച്ചെടുത്ത മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം നീരസം പ്രകടിപ്പിച്ചിരുന്നു.