മലപ്പുറം: മലപ്പുറത്ത് കൊവിഡ് ഭേദമായ വയോധികന്റെ മരണം കൊവിഡ് മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ നെച്ചിത്താന്‍ വീരാന്‍ കുട്ടി ഹാജി (85) യാണ് ഇന്നു രാവിലെ മരണപ്പെട്ടത്. നേരത്തേ കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന വീരാന്‍കുട്ടിയുടെ അവസാന പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രോഗം ചികില്‍സിച്ച് ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. ആരോഗ്യ നില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. എന്നാല്‍, ഒരു പരിശോധനാഫലം കൂടി പുറത്തുവരാനുണ്ട്. വീരാന്‍കുട്ടിക്ക് മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാരും ബന്ധുക്കളും അഭിപ്രായപ്പെടുന്നത്. വാര്‍ധക്യ സഹജമായതും ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ വിദേശത്തു നിന്നെത്തിയ മകനെയും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ഒരാഴ്ചയായി ഇദ്ദേഹത്തിന്റെ ആരോഗ്യനില അല്‍പം മോശമായിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയും ഇദ്ദേഹത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വീരാന്‍ കുട്ടി മരണപ്പെട്ടത്.