കോഴിക്കോട്: മോദിയുടെ നോട്ടു നിരോധനം പോലെ അര്‍ധരാത്രി എം.എസ്.എഫ് ഭാരവാഹി പ്രഖ്യാപനം. ഫിറോസ്-അഷ്‌റഫലി പക്ഷത്തെ മാറ്റിനിര്‍ത്തിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം ചന്ദ്രിക ദിനപത്രത്തിലൂടെയാണ് എല്ലാവരും അറിഞ്ഞത്. പല കൗണ്‍സിലര്‍മാരും തങ്ങള്‍ സ്റ്റേറ്റ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നത് ചന്ദ്രിക ദിനപത്രത്തിലൂടെയാണ്. തങ്ങള്‍ തെരെഞ്ഞെടുക്കേണ്ട ഭാരവാഹികളെ അറിയിക്കാതെ പ്രഖ്യാപിച്ചതിലുള്ള ഞെട്ടലിലാണ് കൗണ്‍സിലര്‍മാരെല്ലാം. അതേസമയം, ഇതിനു പിന്നില്‍ പാണക്കാട് സ്വാദിഖലി തങ്ങളുടെ ഇടപെടലാണെന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

നേരത്തെ കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന കൗണ്‍സില്‍ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഔദ്യോഗിക പക്ഷം ഉയര്‍ത്തിക്കാട്ടിയ നിഷാദ് കെ. സലീമിനെ പിന്തള്ളിയാണ് പി.കെ നവാസ് വള്ളിക്കുന്നിനെ തിരഞ്ഞെടുക്കപ്പെട്ടത്. ശബീര്‍ ഷാജഹാനെ പിന്തള്ളിയാണ് ലത്തീഫ് തുറയൂറിനെ തിരഞ്ഞെടുത്തത്. അന്നു ചേര്‍ന്ന കൗണ്‍സിലില്‍ കൂടുതല്‍ ഭൂരിപക്ഷമുള്ള പലരും ഭാരവാഹി ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല.

ഫിറോസ്-അഷ്‌റഫലി പക്ഷത്തെ ആളുകളാണ് ഇതുവരെ എം.എസ്.എഫിന്റെ പ്രധാന ഭാരവാഹി ലിസ്റ്റില്‍ ഇടം നേടിയിരുന്നത്. നിലവിലെ ഭാരവാഹികളായിരുന്ന നവാസും മിസ്ഹബും ഫിറോസ് പക്ഷക്കാരാണ്. പുതിയ കൗണ്‍സിലില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഫിറോസിനോട് ആഭിമുഖ്യമുള്ള കമ്മിറ്റിയായിരുന്നു പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഇതിനെ മറികടക്കാനായിരുന്നു പാണക്കാട് സാദിഖലി തങ്ങളുടെ ശ്രമമെന്നും അണികള്‍ ആരോപിക്കുന്നു. ആദ്യം സംസ്ഥാന കൗണ്‍സില്‍ നടന്ന ലീഗ് ഹൗസില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിയെ ഹൈജാക്ക് ചെയ്യാന്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന പാണക്കാട് സാദിഖലി തങ്ങള്‍ പറന്നെത്തുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഏകപക്ഷീയമായിട്ടാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നാണ് ഔദ്യോഗിക പക്ഷം ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ ഫിറോസ് പക്ഷത്തിലെ ആര്‍ക്കും ഭാരവാഹി ലിസ്റ്റിലെ പ്രധാന പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. എം.എസ്.എഫ് അണികള്‍ ഇതുവരെ കേള്‍ക്കുക പോലും ചെയ്യാത്ത പേരുകളാണ് പ്രധാന ഭാരവാഹി പട്ടികയിലുള്ളത്. കോഴിക്കോട് നിന്ന് ഫിറോസ് പക്ഷം ജനറല്‍ പോസ്റ്റിലേക്ക് ഉയര്‍ത്തിക്കാട്ടിയ പലരും പുറത്തായി. കെ.ടി റഊഫിനെ സെക്രട്ടിമാരില്‍ ഒരാളായും സമദിനെ സീനിയര്‍ വൈസ് പ്രസിഡന്റായും ഒതുക്കി.

നേരത്തെ കോഴിക്കോട്ട് നടന്ന കൗണ്‍സില്‍ വിഭാഗീയതയെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. ഒടുവില്‍ എല്ലാവരുടെയും അഭിപ്രായം കേട്ട് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും എം.എസ്.എഫ് രൂപീകരിച്ച ബാപ്പയുടെ മകനായ എം.കെ മുനീര്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുവെന്നും എം.കെ മുനീര്‍ പ്രഖ്യാപിച്ചതോടെയാണ് വിഭാഗീയത അവസാനിപ്പിച്ച് അന്ന് എല്ലാവരും മടങ്ങിയത്. തുടര്‍ന്ന് ഈമാസം 15ന് മലപ്പുറത്തു വെച്ച് പ്രഖ്യാപനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഈ കൗണ്‍സിലും വിളിച്ചുചേര്‍ക്കാതെ ഹൈദരലി തങ്ങളുടെ പേരില്‍ പാര്‍ട്ടി മുഖപത്രത്തില്‍ പ്രഖ്യാപനം നടത്തുകയായിരുന്നു. ഡോ.എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നിവരെല്ലാം കൗണ്‍സില്‍ കൂടി കമ്മിറ്റിയെ പ്രഖ്യാപിക്കണം എന്ന നിലപാടുള്ളവരാണ്. സാദിഖലി തങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്നും അണികള്‍ ആരോപിക്കുന്നു.

അതേസമയം, കൗണ്‍സിലിലെ പ്രശ്‌നങ്ങളുടെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടവര്‍ എസ്.എഫ്.ഐ ലേക്കോ കെ.എസ്.യുവിലേക്കോ മറു കണ്ടം ചാടാനുള്ള ഒരുക്കത്തിലാണെന്ന് അറിയുന്നു.

നേരത്തെ കോഴിക്കോട്ട് നടന്ന കൗണ്‍സിലില്‍ സംസ്ഥാന പ്രസിഡന്റായി ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും പൊതുവായി നിര്‍ദേശിച്ച നിഷാദ് കെ. സലീമിന് പകരം വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ നവാസിനെ പ്രഖ്യാപിക്കാനുള്ള പാണക്കാട് സാദിഖലി തങ്ങളുടെ നീക്കമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായതെന്നും കൗണ്‍സിലര്‍മാര്‍ സാദിഖലി തങ്ങളുടെ ഇടപെടലിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും എം.എസ്.എഫുകാര്‍ പറയുന്നു.

എം.എസ്.എഫ് തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ പാണക്കാട് തങ്ങള്‍മാരാരും ഇടപെട്ടിരുന്നില്ല. സാദിഖലി തങ്ങളുടെ ഇടപെടലില്‍ ലീഗ് നേതാക്കളിലും പ്രതിഷേധം ശക്തമായിരുന്നു. പാണക്കാട് തങ്ങള്‍ പാരമ്പര്യം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ പരിഹാരം കണ്ടെത്തുക എന്നതാണെന്നും എന്നാല്‍ ഇപ്പോള്‍ നടന്നത് ഇതിനു നേര്‍ വിപരീതമാണെന്നും എം.എസ്.എഫുകാര്‍ പറയുന്നു.

ഇതേ രീതിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലിലും സ്വാദിഖലി ശിഹാബ് തങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കൗണ്‍സിലിന്റെ ഭൂരിപക്ഷ പിന്തുണയോടെ ആരെയും പരിഗണിക്കാതെ സത്താര്‍ പന്തലൂരിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിക്കുകയായിരുന്നു.

 

 

https://malayalam.news18.com/news/kerala/malappuram-msf-9-district-office-bearers-resign-updated-rv-207517.html