കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചു. സംസ്ഥാന പ്രസിഡന്റായി ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും പൊതുവായി നിര്‍ദേശിച്ച നിഷാദ് കെ. സലീമിന് പകരം വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ നവാസിനെ പ്രഖ്യാപിക്കാനുള്ള പാണക്കാട് സാദിഖലി തങ്ങളുടെ നീക്കമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. അതേസമയം കൗണ്‍സിലര്‍മാര്‍ സാദിഖലി തങ്ങളുടെ ഇടപെടലിനെ ശക്തമായി എതിര്‍ത്തു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കൗണ്‍സില്‍ യോഗം വൈകിട്ട് അഞ്ചു മണിക്കാണ് ആരംഭിച്ചത്.
കൗണ്‍സിലിന് മുന്നോടിയായി റിട്ടേര്‍ണിംഗ് ഓഫീസറായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി ജില്ലാ കമ്മിറ്റികളെ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം ഉച്ചക്ക് 12 മണിക്ക് ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറിമാര്‍ അഭിപ്രായം അറിയിക്കാന്‍ സംസ്ഥാന ലീഗ് ഓഫിസില്‍ എത്തിയപ്പോള്‍ മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങള്‍ റിട്ടേര്‍ണിംഗ് ഓഫിസര്‍ക്കൊപ്പം ഇരിക്കുന്നതാണ് കാണുന്നത്.
നവാസിനെ പ്രസിഡന്റായി കമ്മിറ്റി പ്രഖ്യാപിക്കാന്‍ ശ്രമം നടത്തിയെങ്കിലും യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവര്‍ അനുവദിച്ചില്ല. സാദിഖലി തങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗ് സെക്രട്ടറി കെ.പി.എ മജീദും ലീഗ് ഓഫിസില്‍ എത്തി സമവായമുണ്ടാക്കാന്‍ ശ്രമിച്ചു. സംസ്ഥാന ലീഗ് ഭാരവാഹികളായ സി. ഹംസയും സി.പി ചെറിയ മുഹമ്മദും വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്നപ്പോഴും സാദിഖലി തങ്ങള്‍ കൂട്ടാക്കിയില്ല.
കൗണ്‍സില്‍ എതിരായാലും കമ്മിറ്റിയെ താന്‍ പ്രഖ്യാപിക്കുമെന്ന നിലപാടില്‍ തങ്ങള്‍ ഉറച്ചുനിന്നു. എന്നാല്‍ സംസ്ഥാന കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ സാദിഖലി തങ്ങളെ തടയാനും ബഹളം വെക്കാനും തുടങ്ങിയതോടെ കുഞ്ഞാലിക്കുട്ടി സാദിഖലി തങ്ങളെയും കൊണ്ട് ലീഗ് ഓഫീസില്‍ നിന്ന് പുറത്തേക്ക് പോയി. ഇതോടെ കൗണ്‍സില്‍ യോഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസറായ പി.എം സാദിഖലിയെ കൗണ്‍സിലര്‍മാര്‍ ലീഗ് ഓഫീസിലെ മീറ്റിംഗ് ഹാള്‍ അകത്തുനിന്ന് പൂട്ടി തടഞ്ഞുവച്ചു. പി.കെ നവാസ് പ്രസിഡന്റായ കമ്മിറ്റി മാത്രം പ്രഖ്യാപിച്ചാല്‍ മതിയെന്ന് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും താന്‍ നിസ്സഹായനാണെന്നും പറഞ്ഞ സാദിഖലി ഹാളിനകത്ത് തന്നെ നിലയുറപ്പിച്ചു.
അതിനിടെ പി.കെ ഫിറോസ് ഉള്‍പ്പെടെ ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ പലരും ലീഗ് ഓഫീസിലെത്തി സംസാരിച്ചെങ്കിലും വിദ്യാര്‍ഥികള്‍ വഴങ്ങിയില്ല. ഇതിനിടയില്‍ ബഹളം ശക്തമാവുകയും മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ പോകുമെന്നുമായപ്പോള്‍ എം.കെ മുനീര്‍ മീറ്റിംഗ് ഹാളിലെത്തി വിദ്യാര്‍ഥികളുമായി സംസാരിച്ചു. വരുന്ന ഞായറാഴ്ച ഇതേ ഹാളില്‍ കൗണ്‍സില്‍ നടത്താമെന്നും എല്ലാവരുടെയും അഭിപ്രായം കേട്ട് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും എം.എസ്.എഫ് രൂപീകരിച്ച ബാപ്പയുടെ മകനായ എം.കെ മുനീര്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുവെന്ന് പ്രഖ്യാപിച്ചത് കൗണ്‍സിലര്‍മാര്‍ കൈയടിച്ചു സ്വീകരിക്കുകയും പിരിഞ്ഞു പോകുകയുമായിരുന്നു.
എം.എസ്.എഫ് തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ പാണക്കാട് തങ്ങള്‍മാരാരും ഇടപെട്ടിരുന്നില്ല. സാദിഖലി തങ്ങളുടെ ഇടപെടലില്‍ ലീഗ് നേതാക്കളിലും പ്രതിഷേധം ശക്തമാണ്. ഡിസംബറില്‍ കോഴിക്കോട് നടന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ കമ്മിറ്റി തെരഞ്ഞെടുപ്പു നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് സാദിഖലി തങ്ങള്‍ ഇടപെട്ട് മാറ്റിവച്ചതായിരുന്നുവെന്നാണ് അറിയുന്നത്.
മലപ്പുറം മൊറയൂര്‍ സ്വദേശിയായ നിഷാദ് കെ. സലീം നിലവില്‍ എം.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്. നാല് വര്‍ഷം വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ നവാസ് ഇപ്പോള്‍ വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റാണ്.