തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരെ സി.പി.ഐ.എമ്മുമായി യോജിച്ച് സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നു അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ‘ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം വിളിച്ച് തീരുമാനിക്കണം. സി.പി.ഐ.എമ്മുമായി യോജിച്ച് സമരത്തിനില്ല’
നേരത്തെ വി.ഡ സതീഷനടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് സമരത്തിനിറങ്ങിയതിനെ മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു.
മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതമാണെന്ന് സി.പി.ഐ.എമ്മും അഭിപ്രായപ്പെട്ടിരുന്നു. സംയുക്ത സമരത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും മുസ്‌ലീം ലീഗും എടുത്ത നിലപാടുകള്‍ ശ്രദ്ധേയമാണെന്നും സി.പി.എം ചൂണ്ടിക്കാട്ടിയാണ് മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തിയത്. 26നു നടക്കുന്ന മനുഷ്യചങ്ങലയില്‍ യുഡിഎഫിന്റെ സഹകരണവും പ്രതീക്ഷിക്കുന്നതായി ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു.