UnlockMedia | Kerala's Best News Portal

പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ലഘുലേഖ സ്വീകരിച്ച് നാസര്‍ ഫൈസി കൂടത്തായി; കടുത്ത വിമര്‍ശനവുമായി സമസ്ത വിദ്യാര്‍ഥി-യുവജന സംഘടനകള്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി വിതരണം ചെയ്യുന്ന ലഘുലേഖ സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് സമസ്ത എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി. പൗരത്വ നിയമത്തെ പിന്തുണച്ച് ബി.ജെ.പി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിക്കിടെ ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് നിയമത്തെ അനുകൂലിക്കുന്ന ലഘുലേഖ സ്വീകരിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആതിഥ്യമര്യാദയുടെ ഭാഗമാണെന്ന് നാസര്‍ ഫൈസി പ്രതികരിച്ചു.

അതേസമയം, സംഘടനക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അതിരൂക്ഷമായാണ് സോഷ്യല്‍ മീഡിയയിലൂടെ നാസര്‍ ഫൈസിയുടെ നടപടിക്കെതിരേ രംഗത്തെത്തിയത്.

മുസ്‌ലിമായി എന്ന ഒറ്റക്കാരണത്താല്‍ അസമിലെ ആറ് ലക്ഷം സഹോദരങ്ങള്‍ തടങ്കല്‍ പാളയത്തിലേക്കോ രാജ്യാതിര്‍ത്തിയിലേക്കോ ഉള്ള ക്യൂവിലാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ചര്‍ച്ചയുമില്ല.അതിഥ്യമര്യാദയും വേണ്ട. ഈ പോരാട്ടം പരാജയപ്പെട്ടാല്‍ ഇനി നിലനില്‍പില്ല- സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

ചെയതത് വലിയ തെറ്റ്…തിരുത്തുക തന്നെ വേണം… ഏത് സ്ഥാനത്തിരിക്കുന്നവരായാലും ശരി…ഇത് ഉമ്മത്തിന്റെ ഫാഷിസത്തിന് എതിരുള്ള പോരാട്ടമാണ്.. അതില്‍ അടുപ്പിക്കാന്‍ പറ്റാത്തവരെ ഉമ്മറത്ത് പോലും കയറ്റരുത്. ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പൗരത്വ നിയമത്തിന്റെ കോപ്പിയുമായി വീട്ടില്‍ വരുമ്പോള്‍, മാന്യമായ ഭാഷയില്‍ അവരോട് നോ പറയലും മാന്യമല്ലാത്ത രീതിയില്‍ ഇറങ്ങി പോവാന്‍ പറയുന്നതും പ്രതിഷേധം തന്നെയാണ്. എന്ത് ന്യായീകരണം വന്നാലും. ഇതില്‍ ഒരു വിട്ട് വീഴ്ചക്കും തയ്യാറല്ല… തിരുത്തുകയല്ലാതെ-സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പ്രതികരിച്ചു.

Exit mobile version