UnlockMedia | Kerala's Best News Portal

കത്തിപ്പടര്‍ന്ന് രാജ്യത്തെ ക്യാമ്പസുകള്‍; വിദ്യാര്‍ഥി യുവത്വം തെരുവില്‍

ന്യൂഡല്‍ഹി: ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നു. ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ തുടക്കും കുറിച്ച പ്രതിഷേധത്തിന്റെ അഗ്‌നിനാളങ്ങള്‍ മറ്റു യൂണിവേഴ്‌സിറ്റികളിലേക്കും ആളിപ്പടര്‍ന്നിരിക്കുകയാണ്.

ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലേക്കും മറ്റിതര സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിലുമാണ് സമരം ശക്തമാകുന്നത്. ജാമിഅയില്‍ പൊലീസിന്റെ തേര്‍വാഴ്ചയ്ക്കു പിന്നാലെ അലിഗഡ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെയും പൊലീസ് മര്‍ദനമുറകള്‍ അഴിച്ചുവിട്ടിരുന്നു. ജെ.എന്‍.യു, ഹൈദരാബാദ് മൗലാനാ ആസാദ് ഉറുദു സര്‍വ്വകലാശാല, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി, ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മദ്രാസ് ഐ ഐ ടി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ദാറുല്‍ ഉലൂം ദയൂബന്ദ്, ലഖ്‌നോ ദാറൂല്‍ ഉലൂം അറബിക് കോളേജ്, മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നീ ക്യാമ്പസുകളിലാണ് നിലവില്‍ സമരം ശക്തമായത്.

കേരളത്തലും വിവിധ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. അതേസമയം കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച് ചേര്‍ന്ന് വിവിധ സംഘടനകളെ സംഘടിപ്പിച്ച് നടത്തിയ പ്രതിഷേധം ഇതിനകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് ജാമിഅയില്‍ പൊലീസ് അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെ അതിക്രൂരമായി മര്‍ദിച്ചത്.

പൊലീസ് നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥിനികളടക്കമുള്ളവരെ പൊലിസ് തല്ലിച്ചതച്ചു. ക്യാമ്പസിനകത്തേക്ക് കയറിയ പൊലിസ് നിങ്ങള്‍ മുസ്ലിംകളാണോ എന്നു ചോദിച്ച് തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ജാമിഅയിലെ പള്ളിയിലും ലൈബ്രറിക്കകത്തും പൊലീസ് തേര്‍വാഴ്ച നടത്തി. ഹോസ്റ്റലുകളിലും ക്യാമ്പസിനകത്തും ഇറങ്ങി വിദ്യാര്‍ഥികളെ ഏകപക്ഷീയമായി അക്രമിക്കുകയായിരുന്നു. ഏതുനിമിഷവും ഇന്റര്‍നെറ്റ് വിച്ഛേദിക്കുമെന്ന അവസ്ഥയിലാണ്.

ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിലേക്ക് പൊലീസ് ലാത്തി വീശുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയിലും ഡല്‍ഹിയില്‍ കനത്ത പ്രതിഷേധമായിരുന്നു നടന്നത്. പെലീസ് അറസ്റ്റ് ചെയ്ത ജാമിഅയിലെ വിദ്യാര്‍ഥികളെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ വിട്ടയക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അതേസമയം അലിഗഡിലും പൊലീസിന്റെ അതിക്രമമുണ്ടായി. ഇന്നലെ രാത്രി ഹോസ്റ്റലിന്റെ ഗേറ്റ് വരെയെത്തിയ പൊലീസ് അകത്തേക്ക് ടിയര്‍ ഗ്യാസ് എറിഞ്ഞു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തിന്റെ മുഖ്യ പ്രതിപക്ഷമായി വിദ്യാര്‍ഥികള്‍ മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിരവധി സാംസ്‌കാരിക നായകരും ചലച്ചിത്രസാമൂഹ്യ രംഗത്തെ പ്രമുഖരും വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ചൊവ്വാഴ്ച കേരളത്തില്‍ വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version