കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ജനുവരി ഒന്നിന് കോഴിക്കോട്ട് പീപ്പിള്‍സ് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രി ജംഗ്ഷനില്‍നിന്ന് വൈകിട്ട് നാലു മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് ബീച്ചില്‍ സമാപിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സി.എ.എ, എന്‍.ആര്‍.സി, ഐ.എല്‍.പി എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും നടത്തുന്ന ലോംഗ് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ ലോംഗ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ചലച്ചിത്ര സംവിധായകന്‍ സുദേവന്‍, ദീദി ദാമോദരന്‍, ഗോമതി, ജാമിഅ സമരപോരാളി ദലീദ, സണ്ണി എം കപിക്കാട്, ശീതള്‍ ശ്യാം, രേഖാ രാജ്, സമീര്‍ ബിന്‍സി, ലാലി പി.എം, ഖദീജ മുംതാസ്, കെ. അജിത, സിവിക് ചന്ദ്രന്‍, പ്രതാപ് ജോസഫ്, ബിന്ദു തങ്കം കല്യാണി, വീതരാഗ് ഗോപി, ലീലാ സന്തോഷ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസംബർ 23ന് എറണാകുളത്ത് നടന്ന ലോംഗ് മാർച്ചിൽ സമൂഹത്തിനെ നാനാ തുറകളിൽ നിന്നായി ആയിരക്കണക്കിന് പേര് പങ്കെടുത്തിരുന്നു.