കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി. കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. ഇതോടെ പൊലിസിനു കനത്ത തിരിച്ചടിയായി.
ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നല്കിയ ഹരജിയിലാണ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാറിന്റെ ഉത്തരവ്.
അതേസമയം അന്വേഷണ സംഘത്തിന് വന്‍ വീഴ്ച സംഭവിച്ചതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം സി.പി.എം ആസൂത്രണം ചെയ്തതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തന്നെ പ്രതികളായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു യുവാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ല. അന്വേഷണം ഫലപ്രദവും കാര്യക്ഷമവും ആയിരുന്നില്ല. ഫോറന്‍സിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലെന്നും കോടതി കണ്ടെത്തി.
അതേസമയം സംഭവത്തിലെ അന്വേഷണം സി.ബി.ഐക്ക് വിട്ടതോടെ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ വിഷയം പ്രചാരണായുധമാക്കാന്‍ യു.ഡി.എഫിനു സാധിക്കും. അക്രമരാഷ്ട്രീയം മുന്‍നിര്‍ത്തി പ്രചാരണം നടത്തിയാല്‍ കൂടുതല്‍ ഏല്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് കേന്ദ്രം. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ തോല്‍വിക്ക് കാരണം യു.ഡി.എഫ് അക്രമരാഷ്ട്രീയം പ്രചാരണ ആയുധമാക്കിയതും ആയിരുന്നെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
നിലവിലെ ഹൈക്കോടതി വിധിക്കെതിരേ അപ്പീലിനു പോകാനായിരിക്കും ഇനിയുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17ന് രാത്രിയായിരുന്നു കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പീതാംബരനെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.