രഹസ്യയോഗം വിളിച്ച് ലീഗ് നേതാക്കള്‍

കോഴിക്കോട്: സമസ്തയുടെ സ്വതന്ത്ര നിലപാടുകള്‍ക്ക് വിലങ്ങുനില്‍ക്കാനുള്ള മുസ്ലിം ലീഗിന്റെ നീക്കങ്ങള്‍ പാളുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സാധ്യമാകുന്ന പ്രതിഷേധ യോഗങ്ങളിലൊക്കെ പിന്തുണയുണ്ടാകുമെന്ന് സമസ്ത പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടും മലപ്പുറത്തും മുഖ്യമന്ത്രി പങ്കെടുത്ത പ്രതിഷേധ സമ്മേളനങ്ങളില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും സംബന്ധിച്ചിരുന്നു. ഇത് മുസ്ലിം ലീഗിന് വലിയ തലവേദനയുണ്ടാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണഘടന സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ വീട്ടില്‍ പോയി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ ജില്ലകളിലും സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് ജിഫ്രി തങ്ങള്‍ തന്നെ പങ്കെടുക്കുകയും മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ചതും ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

 

ഇതേതുടര്‍ന്ന് സമസ്തയിലെ തെരഞ്ഞെടുക്കപ്പെട്ട ചില നേതാക്കളെ വിളിച്ചു ചേര്‍ത്ത് സമസ്തയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ലീഗ് ശ്രമം തുടങ്ങിയെന്നാണു ലഭിക്കുന്ന വിവരം. 1989 ലും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ലീഗിനെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ ഇതേ തന്ത്രം പ്രയോഗിച്ചാണ് പാര്‍ട്ടി സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കിയത്.

ലീഗ് നിയമസഭാ പാര്‍ട്ടി നേതാവ് ഡോ. എം.കെ മുനീര്‍ കഴിഞ്ഞദിവസം ചില സമസ്ത ഭാരവാഹികളുടെ കൂടിയോലോചനാ യോഗം വിളിച്ചിരുന്നു. പക്ഷെ യോഗത്തിനെത്തിയവര്‍ മുനീറിന്റെ നീക്കത്തെ ചോദ്യം ചെയ്തതോടെ തീരുമാനമാവാതെ പിരിയുകയായിരുന്നു. സാധാരണ ഇത്തരം നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാറുള്ള കുഞ്ഞാലിക്കുട്ടി പരോക്ഷമായാണ് വിഷയത്തില്‍ ഇടപെടുന്നത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സമസ്ത നേതാക്കള്‍ പങ്കെടുക്കാതിരിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി ഇറങ്ങിയ കുഞ്ഞാലിക്കുട്ടിയെ ചില യുവനേതാക്കള്‍ നേരില്‍ വിളിച്ച് ശകാരിച്ചതിനെ തുടര്‍ന്നാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുനീറിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

മുനീറിന്റെ നീക്കവും പാളിയതോടെ ലീഗ് കേന്ദ്രത്തില്‍ വീണ്ടും കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സമസ്തയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ ചില മുതിര്‍ന്ന നേതാക്കളും യൂത്ത് ലീഗ് ഭാരവാഹികളും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെ സമസ്തയുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നത് പാര്‍ട്ടിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.