സന്തോഷ് ജോര്‍ജ് കുളങ്ങരയെക്കുറിച്ച് മലയാളികള്‍ക്ക് മുഖവുരയുടെ ആവശ്യമില്ല. നമ്മുടെ സഞ്ചാരശീലങ്ങളേയുംആന്തരിക ലോകത്തേയും വലുതാക്കിയ ആള്‍ എന്ന് ഒറ്റ വാക്കില്‍ പറയാം. സഫാരി ടിവിയിലെ ‘സഞ്ചാരിയുടെ ഡയറിക്കുറിപ്പില്‍’ ബീയാര്‍ പ്രസാദുമായുള്ള സംഭാഷണത്തില്‍ സഞ്ചാരിയും സഫാരിയും എങ്ങനെയുണ്ടായി എന്ന് സന്തോഷ് വിവരിക്കുന്നുണ്ട്. മൂന്നു വര്‍ഷം മുന്‍പുള്ള വീഡിയോ ആണ്. കഴിഞ്ഞ മാസമാണ് യൂടൂബില്‍ പൂര്‍ണമായും കണ്ടത്. Hard core inspiration. Blood,sweat and glory. An epic that’s 25 years in the making. രണ്ടര മണിക്കൂര്‍. ഒരു സിനിമയുടെ ദൈര്‍ഘ്യം. ഒറ്റ ഇരിപ്പിന് ഞാന്‍ കണ്ടു. Exciting stuff if you are dreamer,activist, creative type and etnrepreneur.

പ്രധാന ആശയങ്ങള്‍:

1.പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ യാത്രകളും അറിവിനു വേണ്ടിയുള്ള അന്വേഷണവും സ്വാധീനിച്ചു. അധ്യാപകരും ലേബര്‍ ഇന്ത്യ പ്രസിദ്ധീകരണങ്ങളുടെ സൃഷ്ടാക്കളുമായ മാതാപിതാക്കള്‍ വഴികാട്ടികള്‍.

2.പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം തൊട്ടേ താന്‍ എത്തേണ്ട മേഖലയെ പറ്റി വ്യക്തമായ ബോധ്യം. കൃത്യമായി എന്താകും എന്ന് അറിയില്ല. എന്നാല്‍ മാധ്യമം ടെലിവിഷനാണ് എന്ന് തീരുമാനം.
3.ഡിഗ്രി പൂര്‍ത്തിയാകും മുന്‍പേ ടെലിഫിലിം സംവിധായകന്‍. ആദ്യ സൃഷ്ടികള്‍ പല കാരണങ്ങളാലും പുറത്തു വന്നില്ല. എന്നാല്‍ എല്ലാത്തിലും പുതുമ കൊണ്ടു വരാന്‍ ശ്രമിച്ചു,പുതിയ പാതയില്‍ ചിന്തിച്ചു.
4.ദൂരദര്‍ശനില്‍ ആര്‍ക്കും വേണ്ടാത്ത ടൈം സ്ലോട്ടുകള്‍ എടുത്ത് ആരും ചെയ്യാത്ത പരിപാടികള്‍ നിര്‍മിച്ചു, അറിവ് പകരുക എന്നത് അടിസ്ഥാന പ്രമാണം.

5.അവസരങ്ങളോട് അഭിരുചിക്ക് ചേര്‍ന്ന വിധം പ്രതികരിച്ചു. സഞ്ചാരം അങ്ങനെ രൂപപ്പെട്ടു. 1997ല്‍ തുടങ്ങിയ പ്രോഗ്രാം 1500 എപ്പിസോഡ് പൂര്‍ത്തിയാക്കി.

6.ടിവി പരിപാടി നിര്‍മിക്കുന്‍പോള്‍ തന്നെ പലതരം ബിസിനസ് ചെയ്തു, സംരഭകനായി്. ലാഭം സഞ്ചാരത്തില്‍ മുടക്കി. പണം ഒരു ലക്ഷ്യമായി കണ്ടില്ല.
ചെയ്യുന്ന തൊഴില്‍ പാഷന്‍. പണം അതിന്റെ ഉപോല്‍പന്നമായി ഉണ്ടാകേണ്ടത്. അഞ്ചു വര്‍ഷം സഞ്ചാരം ഏഷ്യാനെറ്റിന്റെ ഫ്രീസറില്‍. അതിനു ശേഷം പ്രക്ഷേപണം ചെയ്തപ്പോള്‍ പ്രതിഫലം ലഭിച്ചില്ല. അതില്‍ പരാതി പറയാതെ ഏഷ്യാനെറ്റ് എന്ന പ്ലാറ്റ്‌ഫോമിന് നന്ദി പറഞ്ഞു. അവസാനം സഞ്ചാരം ഡിവിഡികള്‍ വില്‍ക്കുക എന്ന ബിസിനസ് ഐഡിയ നല്‍കിയത് ഏഷ്യാനെറ്റ്. അതൊരു വഴിത്തിരിവായി.

7.കോടികള്‍ വരുമാനമുള്ള വില്‍പന. വന്‍വില നിശ്ചയിച്ചിട്ടും വാങ്ങാന്‍ ധാരാളം ആളുകള്‍. ഉല്‍പന്നം നല്ലതെങ്കില്‍ എത്ര വിലയുണ്ടെങ്കിലും ആവശ്യക്കാരുണ്ട്. ഉണ്ടാക്കുന്നവന്റെ ആത്മാര്‍ത്ഥത അടിയുറച്ചഉപഭോക്താക്കളെ ഉണ്ടാക്കും.

8.സഫാരി രൂപകല്‍പന ചെയ്തത് കാലത്തിന് അതീതമായി, ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറത്ത് മനുഷ്യര്‍ക്ക് പ്രയോജനം നല്‍കുന്ന വിധത്തില്‍. സഞ്ചാരം ഡിവിഡികള്‍ വിറ്റ പണം സഫാരിയുടെ അടിത്തറ. അത് വാങ്ങി സഹകരിച്ച എല്ലാ സഞ്ചാര പ്രേമികള്‍ക്കും സന്തോഷിന്റെ നന്ദി. സഫാരിക്കു വേണ്ടി 28000 രൂപ സംഭാവന ചെയ്തതില്‍ ഞാന്‍ കൃതാര്‍ത്ഥന്‍. അതായത് 2007 മുതല്‍, അത്രയും വിലയുള്ള സഞ്ചാരം ഡിവിഡി എട്ട് വോള്യമായി ഞാന്‍ വാങ്ങിയിട്ടുണ്ട്, എനിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍! പുതിയ ഡിവിഡി സെറ്റ് ഇറങ്ങിയോ എന്ന് ഇടയ്ക്കിടെ കോട്ടയത്തേക്ക് വിളിച്ച് ചോദിക്കാറുമുണ്ട്.

9.സന്തോഷ് സഫാരിയിലെ ടീമിനെ വളര്‍ത്തിയെടുത്തതും വ്യത്യസ്തമായ വഴിയില്‍. തനിക്ക് ശേഷം പ്രളയം എന്ന് കരുതുന്നില്ല. സ്വന്തം ജീവിതം അവസാനിച്ചതിനു ശേഷവും, ഈ സംരംഭം ഉന്നത നിലവാരത്തില്‍ നിലനില്‍ക്കണം എന്ന് ആഗ്രഹം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ ചെയ്യുന്നു. ഓരോ യാത്ര പുറപ്പെടുന്നതിനു മുന്‍പും, താന്‍ തിരിച്ചു വന്നില്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്ന്, ഓഫീസില്‍ ഒരു പേപ്പറില്‍ എഴുതി വച്ചാണ് പോകുന്നത്.

10.വിജയങ്ങളേക്കാളും കൂടുതല്‍ പരാജയങ്ങളായിരുന്നു എന്ന് സന്തോഷ് സമ്മതിക്കുന്നു. വന്‍നേട്ടങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഒരിക്കലും തോല്‍ക്കാത്തവരല്ല; മനസ്സ് പതറിയേക്കാം, പക്ഷേ വേദനയടങ്ങുന്‍പോള്‍ വീണിടത്തു നിന്ന് എഴുന്നേറ്റ്, സ്വയം പ്രചോദിപ്പിച്ച് വീണ്ടും ശ്രമിക്കുന്നവരാണ്. പരാജയങ്ങളെ ഊര്‍ജ്ജമാക്കി മാറ്റിയാണ് സന്തോഷ് മറ്റാരും കാണാത്ത അവസരങ്ങള്‍ കണ്ട്, വിജയം നേടിയത്. അതിന് വേണ്ടി മറ്റാരും എടുക്കാത്ത റിസ്‌ക്കുകളും അയാള്‍ എടുത്തു. തോറ്റെന്നു കരുതിയ ശ്രമങ്ങള്‍ അയാളെ പുതിയത് പലതും പഠിപ്പിച്ചു, അറിയാത്ത കാര്യങ്ങള്‍ പഠിക്കാനുള്ള തുറന്ന മനസുണ്ടായിരുന്നു അയാള്‍ക്ക്. ഒരു ടിവി പരിപാടി ഒറ്റയ്ക്ക് നിര്‍മിക്കാനുള്ള സാങ്കേതിക മികവ് ആദ്യ കാലത്ത് അയാള്‍ക്ക് ഉണ്ടായിരുന്നില്ല, സാഹചര്യങ്ങളാണ് അയാളെ എല്ലാം പഠിപ്പിച്ചത്. അയാള്‍ ഒരു കറതീര്‍ന്ന പ്രൊഫഷണല്‍ ആണ്, ഏറ്റവും മികച്ച ടെക്‌നോളജിയില്‍ അപ്‌ഡേറ്റഡ് ആണ്.

11.കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി സ്വപ്നസഞ്ചാരികള്‍ക്കോ, സ്വന്തം സംരഭങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്കോ അനുകൂലമല്ല. പെട്ടെന്ന് സാമ്പത്തിക ഉന്നമനം, വീട്, കാറ്, കല്യാണം, കുട്ടികള്‍, സ്റ്റാറ്റസ്, കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ കല്യാണം ഇങ്ങനെ കോംപ്രമൈസ് ചെയ്ത് നീളുന്ന സമൂഹവ്യവഹാരത്തിന് വഴങ്ങുന്നതല്ല, ഒരു സഞ്ചാരിയുടെ,സൃഷ്ടാവിന്റെ, സംരംഭകന്റെ മൈന്‍ഡ് സെറ്റ്.ഇത് സ്വന്തം വീട്ടിലും ചുറ്റുപാടുകളിലും പ്രതിരോധമുണ്ടാക്കും.

വീട്ടുകാര്‍ ആകുലപ്പെടും,നാട്ടുകാര്‍ വിമര്‍ശിക്കും,കൂട്ടുകാര്‍ അസ്വസ്ഥരാകും. അറ്റം കാണാത്ത പാതാളത്തിലേക്കാണ് പോകുന്നത് എന്ന് സാഹസികന് തോന്നും. പക്ഷേ അയാള്‍ പരിശ്രമം ഉപേക്ഷിക്കില്ല. അവസാനം വെളിച്ചം വരും. അയാള്‍ ആദ്യം ലക്ഷ്യം വച്ച ഇടമേയല്ല, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ഇടം. അധികമാരും എത്തിപ്പെടാത്ത ഒരു വന്‍കരയാണ് ഇത്. പരിഹസിച്ചവരോടും പിന്നില്‍ നിന്ന് കുത്തിയവരോടും സന്തോഷിന് പരാതിയില്ല, അവരെല്ലാം അയാളെ ആയിത്തീരാന്‍ സഹായിക്കുകയായിരുന്നു.

സന്തോഷിന്റെ ഏറ്റവും മികച്ച
ഗുണങ്ങളായി തോന്നിയവ:

1.ഒരു സെല്‍ഫി/യോയോ/എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍ സഞ്ചാരിയല്ല അയാള്‍. സ്വയം ഫ്രെയിമില്‍ വരുന്നത് അപൂര്‍വം. ‘ഞാന്‍ പോകുന്ന സ്ഥലങ്ങള്‍ എന്റെ നാട്ടുകാരെ കാണിക്കണമെന്ന വലിയ ആഗ്രഹം’ എന്ന വാചകം അയാള്‍ക്ക് 22 വര്‍ഷമായി ‘സഞ്ചാര’ത്തില്‍ വോയിസ് ഓവര്‍ നല്‍കുന്ന അനീഷ് പുന്നന്‍ പീറ്റര്‍ പറയുന്നത് പല തവണ കേട്ടിട്ടുണ്ട്. ‘കണ്ടോ, ഞാന്‍ ഇവിടെയെല്ലാം പോയി, നിങ്ങള്‍ക്ക് പറ്റിയില്ലല്ലോ’ എന്ന പൊങ്ങച്ച പ്രദര്‍ശനമല്ല അയാള്‍ നടത്തുന്നത്. ‘ഞാന്‍ പോയ ഇടങ്ങളില്‍ നിങ്ങള്‍ക്ക് എന്തു കൊണ്ടു പൊയ്ക്കൂടാ’ എന്നൊരു തീപ്പൊരിയാണ് അയാള്‍ കാണിയുടെ മനസിലേക്ക് ഇടുന്നത്.

ബിബിസി നിര്‍മിച്ചത് ഉള്‍പ്പെടെയുള്ള, ലോകപ്രശസ്ത്ര അവതാരകരുടെ മികച്ച ട്രാവലോഗുകള്‍ എന്റെ ശേഖരത്തിലുണ്ട്. അവര്‍ ഒരു പ്രൊഡക്ഷന്‍ ടീമുമായാണ് യാത്ര. നിയന്ത്രണമുള്ള യാത്രകളില്‍ പ്രത്യേകം അനുമതിയുള്ള, താരതമ്യേന സുരക്ഷിതമായ സഞ്ചാരം. എന്നാല്‍ സന്തോഷ് ഒറ്റയ്ക്ക് പുറംകടലില്‍ ഇറങ്ങിയ നാവികനെ പോലെ. ഒറ്റയ്ക്ക് സഞ്ചരിച്ചുള്ള എന്റെ അനുഭവത്തില്‍ ഇത് തീരെ എളുപ്പമല്ല. സ്വയം സംരക്ഷിക്കണം,അതോടൊപ്പം വലിപ്പമുള്ള ഒരു ക്യാമറ പ്രവര്‍ത്തിപ്പിച്ച് കഴിയാവുന്ന ദൃശ്യങ്ങള്‍ പകര്‍ത്തണം; മഴയുള്ള ദിവസമാണ് എങ്കില്‍ അധ്വാനം ഇരട്ടിയാകുന്നു.

വിമാനവും വിമാനത്താവളവുംടാക്‌സി യാത്രയും ഹോട്ടല്‍ ചെക്കിനും ഭക്ഷണവേളകളും പൊതു ഗതാഗതവും എന്നിങ്ങനെ, എവിടെയെല്ലാം സാധ്യമാണോ അവിടെയെല്ലാം സന്തോഷിന്റെ ക്യാമറ വിളയാടും. കിട്ടിയ സമയവും അവസരവും ഒട്ടും പാഴാക്കാതെ, രാത്രി വൈകുന്നത് വരെ ഷൂട്ട്ചെയ്യും; നിശാജീവിതവും സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടെ. തൃപ്തിയായില്ല എങ്കില്‍ നാട്ടില്‍ തിരിച്ചു വന്ന് അതേ സ്ഥലത്ത് വീണ്ടും യാത്ര പോകും.

Zero Gravity Flight

2.പാശ്ചാത്യ ലോകത്ത് ജീവിക്കുന്നവര്‍ക്ക് അറിയാം അവിടുത്തെ ജനങ്ങള്‍ സ്വകാര്യതക്ക് നല്‍കുന്ന പ്രാധാന്യം. തങ്ങള്‍ക്കു നേരെ ക്യാമറ ചൂണ്ടി നടക്കുന്നത് പലര്‍ക്കും ഇഷ്ടമല്ല. ചെറിയ ക്യാമറ ഒളിപ്പിക്കാന്‍ പറ്റും, പക്ഷേ സന്തോഷ് ഉപയോഗിക്കുന്നത് തോളില്‍ വയ്ക്കുന്ന വലിപ്പമുള്ള ക്യാമറയാണ്.
ഭീകരാക്രമണ ഭീഷണിക്കു ശേഷം പൊതു സ്ഥലത്ത് ചിത്രീകരണം നടത്തുന്നത് സംശയത്തോടെയാണ് പലരും കാണുക. ഈ വെല്ലുവിളികള്‍ മറികടന്നാണ് സന്തോഷ് മുന്നോട്ട് പോകുന്നത്. ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, എണ്ണത്തില്‍ കുറവെങ്കിലും.
2013ല്‍ വാഷിങ്ടണ്‍ ഡിസിയില്‍, വൈറ്റ് ഹൗസ് ക്യാമറയില്‍ പകര്‍ത്തുന്‍പോള്‍ അവിടെ യൂണിഫോമിട്ട പൊലീസിനെ കാണാനാകാത്തതില്‍ സന്തോഷ് അത്ഭുതപ്പെട്ടു. സിവിലിയന്‍/ടൂറിസ്റ്റ് വേഷത്തില്‍ ചാരന്‍മാരും ഏത് സാഹചര്യവും നേരിടാന്‍ പരിസരത്ത് സ്‌നൈപര്‍മാരും ഉണ്ടാകും എന്ന് അയാള്‍ക്ക്
അറിയാഞ്ഞിട്ടല്ല. എങ്കിലും വൈറ്റ് ഹൗസിന്ചുറ്റും നടന്നുള്ള ചിത്രീകരണം തുടര്‍ന്നു.

ഈ എപ്പിസോഡ് സഞ്ചാരത്തില്‍ കാണുമ്പോള്‍ പെട്ടെന്ന് ഇങ്ങനെ വോയ്‌സ് ഓവര്‍: ‘തുടര്‍ന്നുള്ള ഭാഗങ്ങള്‍ പ്രേക്ഷകരെ കാണിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ അതിയായി ഖേദിക്കുന്നു. കഴിഞ്ഞ രണ്ടു മണിക്കൂര്‍ നേരമായി ഞാന്‍ അമേരിക്കന്‍ രഹസ്യപൊലീസിന്റെ പിടിയാലിരുന്നു. അവര്‍ എന്നെ ദീര്‍ഘനേരം ചോദ്യം ചെയ്തു, വീഡിയോ ഫൂട്ടേജെല്ലാം പിടിച്ചെടുത്തു.’സഞ്ചാരം വെബ്‌സൈറ്റ് അടക്കം തെളിവുകള്‍ കാണിച്ചപ്പോള്‍ സന്തോഷിനെ അവര്‍ വെറുതെ വിട്ടു. പക്ഷേ അയാളെ കാത്ത് നിന്ന് ടൂര്‍ ഗ്രൂപ്പിന്റെ രണ്ടു മണിക്കൂര്‍ നഷ്ടമായി. അതിന്റെ നീരസം അവര്‍ പ്രകടിപ്പിച്ചു, സഞ്ചാരി അവരോട് ക്ഷമ ചോദിച്ചു. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും ആവേശവുമാണ് അയാളെ ഈ കുഴപ്പത്തില്‍ ചാടിക്കുന്നത്.പക്ഷേ ഈ റിസ്‌ക് എടുക്കേണ്ടത് തന്നെയാണ്. ഇത്തരം അനുഭവങ്ങളും കൂടി ചേരുന്‍പോളാണ് യാത്ര പൂര്‍ണമാകുന്നത്. ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് കൊടുത്ത മറുപടിയില്‍ സന്താഷിന്റെ ഫിലോസഫിയുണ്ട്. യാത്ര ഗൗരവമായി ചെയ്യുന്ന കാര്യമാണ്. ആസ്വാദനം ഇല്ലെന്നല്ല,പക്ഷേ അത് രണ്ടാമതേ വരുന്നുള്ളൂ. നമ്മള്‍ കണ്ട് ആസ്വദിച്ച പല കാഴ്ചകളും സന്തോഷ് കണ്ടത് ക്യാമറയുടെ വ്യൂഫൈന്ററിലൂടെ മാത്രമാണ്.

3.തീര്‍ത്താല്‍ തീരാത്ത ആകാംക്ഷ അയാളുടെ സ്വപ്നങ്ങളെ ശൂന്യാകാശത്തേക്ക് കൊണ്ടുപോയി.റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗലാക്ടിക്ക് കന്‍പനി നടത്തുന്ന സ്‌പേയ്‌സ് യാത്രയില്‍ സന്തോഷ് സീറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷമായി. ഏകദേശം രണ്ടു കോടി രൂപയാണ് ചെലവ്. ഈ പ്രോഗ്രാമിന്റേ ഒഫീഷ്യല്‍ പ്രസന്റേഷനും പരിശീലനവും കഴിഞ്ഞിട്ട് വര്‍ഷങ്ങളായി്. ഫ്‌ളോറിഡയിലെ കേപ് കനാവറലില്‍ കടലിനു മുകളില്‍,സീറ്റുകള്‍ ഇല്ലാത്ത പ്രത്യേക തരം വിമാനത്തില്‍ സൃഷ്ടിച്ചെടുക്കുന്ന ആന്റിഗ്രാവിറ്റി പരിശീലം കഴിഞ്ഞു.

30000 അടി മുകളില്‍ നിന്ന് വിമാനം 10000 അടി താഴേക്ക് കൊണ്ടു വരുന്നു. വീണ്ടും 30000 അടി മുകളിലേക്ക്, വീണ്ടും 10000 അടി താഴേക്ക്. ഇങ്ങനെ പലതവണ ചെയ്യുമ്പോള്‍, പെട്ടെന്ന് താഴേക്കുള്ള വരവില്‍, വിമാനത്തിന് അകത്ത് ഭാരമില്ലാത്ത അവസ്ഥ ഉണ്ടാകുന്നു. സ്‌പെഷ്യല്‍ സ്യൂട്ട് ധരിച്ച ഭാവി ആസ്ട്രനട്ടുകള്‍ വായുവില്‍ ഒഴുകി നടക്കും. വിമാനം ഉയരുന്‍പോള്‍ ഭാരം തിരിച്ചു വരും. ഈ രണ്ട് അവസ്ഥകള്‍ കൈകാര്യം ചെയ്യുന്നത് കഠിനമാണ്.
ചിത്രങ്ങള്‍ എടുക്കാന്‍ പ്രത്യേകം ക്യാമറാമാന്‍ ഉണ്ട്; പക്ഷേ മറ്റാരും ചെയ്യാത്തത് സന്തോഷ് ചെയ്തു. വായുവില്‍ തെന്നിനീങ്ങുമ്പോള്‍ വലതു കയ്യില്‍ ഒരു ഹാന്‍ഡികാം ഭദ്രമായിരുന്നു. ഇത് പിന്നീട് സഞ്ചാരം എപ്പിസോഡായി വന്നു. പുസ്തകവുമെഴുതി: സീറോ ഗ്രാവിറ്റി.

കേരളയിസം:

അജ്ഞാതമായ നാടുകളിലെ കാണാക്കാഴ്ചകള്‍ മലയാളിയുടെ സ്വീകരണമുറിയില്‍ എത്തിക്കുന്ന സഞ്ചാരിക്ക് തന്റെ നാട് എങ്ങനെയാകണം എന്ന് വ്യക്തമായ ധാരണയുണ്ട്, അതിന് പദ്ധതികളുമുണ്ട്. കേരളം ഇപ്പോഴും അതിന്റെ സാധ്യതകള്‍ പൂര്‍ണമായും തിരിച്ചറിയാത്ത ഒരിടമാണ് എന്നാണ് സന്തോഷിന്റെ പക്ഷം. അയാളുടെ എല്ലാ യാത്രാവിവരണങ്ങളും വായിച്ചിട്ടുണ്ട് എങ്കിലും ഏറ്റവും ഹൃദ്യമായത് ‘കേരളയിസം’ എന്ന പുസ്തകമാണ്.
പോയ നാടുകളില്‍ കണ്ട നല്ല കാര്യങ്ങള്‍ കേരളത്തില്‍ എങ്ങനെ നടപ്പിലാക്കാം എന്നൊരു രൂപരേഖയാണ് അത്, അടുത്ത 50 വര്‍ഷത്തെ വിഷന്‍. മൂന്ന് വര്‍ഷം മുന്‍പ്, സന്തോഷ് അത് കേരളത്തിലെ 140 എംഎല്‍എമാര്‍ക്ക് അയച്ചുകൊടുത്തു. അത് നിയമസഭയില്‍ ചര്‍ച്ച ചെയ്യാം എന്ന മറുപടി അയച്ചത് വെറും അഞ്ചു പേര്‍. കൂടുതല്‍ ഒന്നും പറയാനില്ല.

ഇതുകൊണ്ട് സഞ്ചാരി നിശ്ചലനാകില്ല. തന്റെ ദൃശ്യങ്ങളിലൂടെ അയാള്‍ വീണ്ടും സംസാരിക്കും. അയാളെ ഗൗരവത്തോടെ കേള്‍ക്കുന്ന ഭരണാധികാരികള്‍ ഈ നാട്ടില്‍ ഉണ്ടാകുക തന്നെ ചെയ്യും. ശൂന്യാകാശ യാത്ര ഇതുവരെ നടന്നിട്ടില്ല. സ്‌പേയ്‌സ് ഷട്ടിലിന്റെ പരീക്ഷണ പറക്കലിന് രണ്ടു തവണ സംഭവിച്ച അപകടം മൂലം, നാസ ഈ പദ്ധതിക്ക് താല്‍ക്കാലികമായി അനുമതി നിഷേധിച്ചിരിക്കയാണ്. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പിന്നോട്ട് പോകില്ല, ഭാവിയില്‍ ഇത് സഫലമാകും.
സന്തോഷ് അതിനിടയില്‍ അന്റാര്‍ട്ടിക്കയില്‍ പോയി വന്നു. സ്‌കാന്‍ഡിനേവിയയിലും കിഴക്കന്‍ യൂറോപ്പിലും വീണ്ടും പോയി.
അയാളുടെ ക്യാമറയ്ക്ക് വിശ്രമമില്ല. സഫാരി ഉന്നത നിലവാരമുള്ള പരിപാടികളുമായി, പരസ്യമില്ലാതെ മുന്നോട്ട്. സന്തോഷിനാല്‍ പ്രചോദിതരായ സഞ്ചാരി കളുടെ ഒരു തലമുറയും, അയാളെ ഗൗരവത്തോടെ കേള്‍ക്കുന്ന യുവാക്കളുടെ വലിയ ഗണവും രൂപപ്പെട്ടു. കേരള സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന, പ്രകാശം പരത്തുന്ന ഒരു വ്യക്തിയാണ് അയാള്‍.