പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭ സമരങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഷര്‍ജീല്‍ ഇമാം അറസ്റ്റ് വരിച്ചത് സമരങ്ങള്‍ക്ക് ശക്തിപകരാന്‍ മാത്രമാണ് പ്രചോദനമായിട്ടുള്ളത്. എന്നാല്‍ എന്തുകൊണ്ട് ഷര്‍ജീല്‍ ഇമാമിനെ പൊലീസ് വേട്ടയാടുന്നു, എന്തുകൊണ്ട് ജെ.എന്‍.യു വിദ്യാര്‍ഥി കൂടിയായ ഷര്‍ജീല്‍ മോചിതനാകണം ? എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമുണ്ടിവിടെ. ജനുവരി 16ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗം നടത്തിയതിന് അസമിലും യു.പിയിലും ഉള്‍പ്പെടെ ആറോളം സംസ്ഥാനങ്ങളിലാണ് രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ പ്രസംഗം വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്ത സ്ഘ്പരിവാര്‍ അനുകൂല ദേശീയമാധ്യമങ്ങളും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായ പൊലീസും വിഷയത്തെ മറ്റൊരു തലത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. നിരവധിയായ കുറ്റങ്ങള്‍ തനിക്കുമേല്‍ ചാര്‍ത്തപ്പെട്ടപ്പോള്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച് ഷര്‍ജീല്‍ ഇമാം പൊലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. പ്രിലേജുകള്‍ ഒന്നും തന്നെയില്ലാത്ത മുസ്ലിമായ ഷര്‍ജീലിനെതിരേ കെസെടുക്കുന്നത്, ജാമ്യം പോലും നല്‍കാതെ തടവില്‍ വയ്ക്കുന്നത്, കുറ്റങ്ങള്‍ ചുമത്തുന്നത് ഇതിനെല്ലാം പിന്നില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ മുന്നില്‍നിന്നു എന്ന ഒറ്റക്കാരണത്താല്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ഷര്‍ജീല്‍ ഇമാം മോചിതനാകേണ്ടതുണ്ട്.
ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ, ശഹീന്‍ ബാഗിലെ മുന്‍നിര സംഘാടകനുമായ ഷര്‍ജീല്‍ പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകരാന്‍ തെരുവിലിനിയും പുതിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട പോരാളിയാണ്. മുഖ്യധാരാ പ്രസ്ഥാനങ്ങളും ക്യാമ്പസ് വ്യവഹാരങ്ങളും പലപ്പോഴും അകറ്റിനിര്‍ത്തിയിട്ടും വിഷയത്തിന്റെ മര്‍മ്മമറിഞ്ഞ് കൃത്യമായ ഇടപെടലുകള്‍ നടത്തി മുന്നേറുമ്പോഴാണ് പലയിടങ്ങളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അഭിപ്രായ പ്രകടനത്തിനുള്ള, രൂപീകരണത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് ഇതാദ്യമൊന്നുമല്ല. കേവലമൊരു പ്രസംഗത്തിന്റെ പേരില്‍ ഒരാള്‍ക്കെതിരേ നിരന്തരം കേസെടുത്ത് തടവിലാക്കാന്‍ ശ്രമിക്കുന്നത് നീതീകരിക്കാനാകുമോ എന്നു ചോദിക്കരുത്. കാരണം ഇത് സവര്‍ണ ഫാസിസ്റ്റ് ഹിന്ദുത്വ ഭരണകൂടമാണ്.
ബോംബെ ഐ.ഐ.ടിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് എടുത്ത ഷര്‍ജീല്‍ ബംഗളൂരുവിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ രണ്ട് വര്‍ഷം ജോലി ചെയ്തിരുന്നു. 2013ലാണ് ജെ.എന്‍.യുവില്‍ അഡ്മിഷന്‍ എടുക്കുന്നത്. അവിടെ സി.പി.ഐ.എം.എല്ലിന്റെ വിദ്യാര്‍ഥി സംഘടനയായ ഐസയില്‍ അംഗമായി പ്രവര്‍ത്തിച്ചു. 2015ലെ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു.
എന്നാല്‍ ഇസ്ലാമോഫോബിയ തന്റെ സംഘടനാ പ്രവര്‍ത്തകരിലും ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്ന് മനസിലാക്കിയ ഷര്‍ജീല്‍ ഐസയില്‍ നിന്ന് രാജിവച്ചു. തുടര്‍ന്ന് ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളില്‍ സജീവമായി ഇടപെട്ടു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടുവരുന്നത്. തുടര്‍ന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നതിനിടെയാണ് കേവലമൊരു പ്രസംഗത്തിന്റെ പേരില്‍ സംഘ്പരിവാര്‍ പൊലീസ് ആറു സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നത്. ബിഹാറിലെ ജഹനാബാദില്‍ വച്ചാണ് പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. അതും നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായും വിശ്വസിച്ചായിരുന്നു കീഴടങ്ങല്‍.