UnlockMedia | Kerala's Best News Portal

മുല്ലപ്പള്ളിക്കെതിരെ സമസ്ത വിദ്യാര്‍ഥി സംഘടന

മുല്ലപ്പള്ളി ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് സത്താര്‍ പന്തല്ലൂര്‍

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തു പ്രക്ഷോപങ്ങള്‍ നടക്കുന്നതിനിടെ സി.പി.എമ്മുമായി സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ.എഫ്. സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂരാണ് മുല്ലപ്പള്ളി ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പിച്ചിച്ചീന്തുമ്പോള്‍ രാജ്യം ഒറ്റക്കെട്ടായി തെരുവിലാണ്. കേരളത്തില്‍ ഭരണപ്രതിപക്ഷം ഒരുമിച്ചപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി അത് മാതൃകയായെന്ന് അദ്ദേഹം പറയുന്നു. ഡല്‍ഹിയില്‍ ഒരുമിച്ച് പ്രതിഷേധിക്കുന്നവര്‍ക്ക് കേരളത്തില്‍ വേറിട്ട് പ്രതിഷേധിക്കണമെന്ന് പറയുന്നതില്‍ ആര്‍ക്കാണ് നേട്ടമെന്നും പന്തല്ലൂര്‍ ചോദിക്കുന്നു. നിലവില്‍ സമസ്തയുടെ കീഴില്‍ വ്യാപകമായ പ്രതിഷേധ സംഗമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെ വേണ്ടത് യോചിച്ച സമരമാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മുല്ലപ്പള്ളി വീണ്ടും നിലപാട് വ്യക്തമാക്കിയതോടെയാണ് സമസ്തയെ ചൊടിപ്പിച്ചത്.

സത്താര്‍ പന്തല്ലൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെ.പി.സി.സി പ്രസിഡന്റ് ആര്‍ക്ക് വേണ്ടിയാണിപ്പോള്‍ സംസാരിക്കുന്നത് ? കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന പിച്ചിച്ചീന്തുമ്പോള്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങിയിരിക്കുകയാണ്. വര്‍ഗീയ അജണ്ടയുമായി വരുന്നവരെ മാറ്റി നിര്‍ത്തി രാജ്യത്തെ രക്ഷിക്കാന്‍ പ്രതീക്ഷയുടേയും ആത്മവിശ്വാസത്തിന്റെയും കൂട്ടായ്മകളാണ് സമരാഗ്‌നി പടര്‍ത്തുന്നത്.
കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചെതിര്‍ത്തപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി അതൊരു മാതൃകയായി.
എന്നാല്‍, ഡല്‍ഹിയില്‍ ഒരുമിച്ച് പ്രതിഷേധിക്കുന്നവര്‍ കേരളത്തില്‍ വേറിട്ട് പ്രതിഷേധിക്കണമെന്ന് പറയുന്നത് ആര്‍ക്ക് വേണ്ടിയാണ് ? ആര്‍ക്കാണതിന്റെ നേട്ടം ?
കുറച്ച് പേര്‍ വലിയൊരു മരത്തടി തോളില്‍ വെച്ച് കൊണ്ടു പോകുമ്പോള്‍ കൂട്ടത്തിലൊരാള്‍ മരത്തില്‍ തൂങ്ങി നിന്നു. അപ്പോള്‍ മരത്തടിയുമായി മുന്നില്‍ നിന്നയാള്‍ വിളിച്ച് പറഞ്ഞതാണ് മുല്ലപ്പള്ളിയോട് പറയാനുള്ളത്.
സര്‍, താങ്ങിയില്ലെങ്കിലും തൂങ്ങരുത്…

Exit mobile version