ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ നാലു പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെട്ടു. പ്രതികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ഡിസംബര്‍ 9, രാത്രി എട്ടു മണി വരെ സംസ്‌കരിക്കരുതെന്നാണ് നിര്‍ദേശം. പൊലീസ് നിയമം കൈയിലെടുത്തെന്നാരോപിച്ച് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ഹൈക്കോടതി മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍ദേശമിറക്കിയത്.
കുറ്റകൃത്യം കണ്ടുപിടിക്കുക, പ്രോസിക്യൂഷന് ആവശ്യമായ സഹായം ചെയ്യുക എന്നിവയാണ് പൊലീസിന്റെ ജോലി എന്നിരിക്കെ ശിക്ഷ വിധിക്കാനും നടപ്പിലാക്കാനുമുള്ള അധികാരികം അവര്‍ക്കില്ല. അതിനു ജനാധിപത്യ രാജ്യത്ത് കോടതികള്‍ ഉണ്ട്. അതാണു രാജ്യത്തെ നിയമവ്യവസ്ഥ. അതിന്റെ പരിപൂര്‍ണമായ നിഷേധമാണ് ഉണ്ടായിരിക്കുന്നത് എന്നായിരുന്നു എന്‍കൗണ്ടറിനെ എതിര്‍ത്ത് രംഗത്തെത്തിയ പ്രമുഖര്‍ അവകാശപ്പെട്ടത്.
2019 നവംബര്‍ 28നാണ് വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കണ്ടെത്തിയത്.