കൊച്ചി: രാജ്യത്തെ ആദ്യ ട്രാന്‍സ്‌മെന്‍ വാര്‍ത്താ അവതാരകനായി ഹൃതിക്. സ്വകാര്യ ചാനലായ ജീവന്‍ ടി.വിയില്‍ വാര്‍ത്ത അവതരിപ്പിച്ചാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍നിന്ന് ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യന്‍ മാധ്യമരംഗത്ത് പുതിയ കാല്‍വെയ്പാണ് ഹൃതിക്കിന്റെ പുതിയ ഉദയം. ജീവന്‍ ടി.വിയിലെ പ്രതിവാര വാര്‍ത്താ പ്രോഗ്രാമായ ആവ്ചവട്ടത്തിലാണ് ഹൃതിക് ശബ്ദം നല്‍കിയത്.
മാധ്യമരംഗത്ത് ട്രാന്‍സ് വുമണ്‍ അവതാരകര്‍ ഉണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യയില്‍ തന്നെ ട്രാന്‍സ്‌മെന്‍ വാര്‍ത്താ അവതാരകനായി ഹൃദിക് കടന്നുവരുന്നത്. ട്രാന്‍സ് വുമണായ കാസര്‍കോട് സ്വദേശി തൃപ്തിയാണ് ഭാര്യ. കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ട്ടിസന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് വുമണാണ് തൃപ്തി.
ഇന്ത്യയില്‍ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആദം ഹാരിക്ക് എയര്‍ലൈന്‍ പൈലറ്റ് ആകാന്‍ കൊമേഴ്‌സ്യല്‍ ലൈസന്‍സ് ലഭ്യമാക്കാന്‍ സാമൂഹിക നീതി വകുപ്പ് ഇടപെട്ടതിനു പിന്നാലെയാണ് വാര്‍ത്താ അവതാരകനായി ഹൃതിക് രംഗത്തെത്തുന്നത്. നിരവധി പേരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് മുഖ്യധാരയിലേക്ക് ഈയടുത്തായി കടന്നുവരുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായും മികച്ച അഭിനേത്രമാരായും സംരംഭകരായും നിരവധി പേര്‍ കടന്നുവരുന്നത് ആശാവഹമാണ്.