അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മിന് അഞ്ചു വര്‍ഷം മുമ്പ് ഭരണനഷ്ടം ഉണ്ടായതിനു ഇപ്പോള്‍ മുഖ്യപ്രതിപക്ഷ സ്ഥാനവും നഷ്ടമായി. കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപി അധികാരം നിലനിര്‍ത്തിയപ്പോള്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ ത്രിപമോത പാര്‍ട്ടി മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു. പശ്ചിമബംഗാളിന് സമാനമായ പ്രതിസന്ധിയാണ് സിപിഎം ത്രിപുരയിലും നേരിടുന്നത്. മൂന്ന് പതിറ്റാണ്ടോളം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സിപിഎം ആദ്യം പ്രതിപക്ഷത്തേക്കും പിന്നീട് ചിത്രത്തില്‍ നിന്ന് തന്നെ തഴയപ്പെടുന്ന സ്ഥിതിയിലേക്കും എത്തിയിരുന്നു.
ദീര്‍ഘകാലം ത്രിപുര ഭരിച്ച ശേഷം 2018ല്‍ അധികാരം നഷ്ടമായെങ്കിലും ബിജെപിയുമായുള്ള വോട്ടിങ് വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. 35 സീറ്റുകളില്‍ വിജയിച്ച് അധികാരം നേടിയ ബിജെപിക്ക് 43.59 ശതമാനം വോട്ടുകളാണ് അന്ന് ലഭിച്ചിരുന്നത്. 16 സീറ്റകള്‍ നേടിയ സിപിഎമ്മിന് 42.22 ശതമാനം വോട്ടുകള്‍ നേടാനായിരുന്നു എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ ഇത്തവണ 11 സീറ്റുകളിലൊതുങ്ങിയ സിപിഎമ്മിന് 24.6 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 32 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് 39 ശതമാനത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്. സിപിഎമ്മുമായി സഖ്യത്തില്‍ മത്സരിച്ച് മൂന്ന് സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ് 8.6 ശതമാനം വോട്ടുകളാണ് നേടിയത്. 13 സീറ്റുകളോടെ മുഖ്യപ്രതിപക്ഷമായി മാറിയ ത്രിപമോത പാര്‍ട്ടിക്ക് 22 ശതമാനത്തോളം വോട്ടുകള്‍ പിടിക്കാനായി. പശ്ചിമ ബംഗാളില്‍ ഏതാണ്ട് പൂര്‍ണ്ണമായും അസ്തമിച്ചതോടെ കേരളം കഴിഞ്ഞാല്‍ സിപിഎമ്മിന് ഏക പ്രതീക്ഷയുള്ള സംസ്ഥാനമായിരുന്നു ത്രിപുര. അവിടെയാണിപ്പോള്‍ മുഖ്യപ്രതിപക്ഷ സ്ഥാനത്ത് നിന്നും സിപിഎം തള്ളപ്പെട്ടിരിക്കുന്നത്.
പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ നേതൃത്വത്തില്‍ ത്രിപമോത എന്ന പേരിലുള്ള ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവിര്‍ഭാവം പ്രതിപക്ഷ വോട്ടുകള്‍, പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.