ഊണിന് 70 രൂപ, പഴംപൊരിക്ക് 15

തിരുവനന്തപുരം: റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ട്രെയിനുകളിലെ ഭക്ഷണനിരക്കും കുത്തനെ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് റെയില്‍വേ. മീന്‍കറി, പഴംപൊരി എന്നിവയുടെ വിലയിലാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത് . മീന്‍കറിയുള്‍പ്പെടുത്തിയ ഊണിന് നേരത്തെ 35 രൂപയായിരുന്നു . എന്നാല്‍ പുതിയ പരിഷ്‌ക്കാരം അനുസരിച്ച് 70 രൂപയാക്കി. പഴം പൊരിയുള്‍പ്പെടെയുള്ള പലഹാരങ്ങള്‍ക്ക് എട്ട് രൂപയില്‍ നിന്ന് 15 രൂപയാക്കിയും വര്‍ധിപ്പിച്ചു.

 

ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിന് പിന്നാലെ സ്റ്റേഷനുകളിലെ സ്റ്റാളുകളിലെ വില നിരക്കും കുത്തനെ കൂട്ടിയിരിക്കുകയാണ് . ഇനിമുതല്‍ ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവ 2 എണ്ണം വീതം വാങ്ങണമെങ്കില്‍ 20 രൂപ നല്‍കണം .
രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവട നിര്‍ബന്ധമായി വാങ്ങണമെന്നും പുതിയ പാക്കേജില്‍ പറയുന്നു . മൂന്നാമതൊരു ഇഡലി വേണമെങ്കില്‍ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങണം. ഇതോടെ യാത്രക്കാരുടെ പോക്കറ്റ് കീറുമെന്നതിന് യാതൊരു സംശയവുമില്ല .

ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) മെനു പരിഷ്‌കരിച്ചു നിരക്കുകള്‍ കൂട്ടിയത്. കേട്ടുകേള്‍വിയില്ലാത്ത പാക്കേജുകളിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വലിയ വിലയില്‍ അടിച്ചേല്‍പ്പിക്കുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.