കോഴിക്കോട്: നവാഗത സംവിധായകനായ ശരത് സത്യ അണിയിച്ചൊരുക്കിയ ഊബര്‍ ഈറ്റ്സ് പ്രണയകഥ മ്യൂസിക്കല്‍ ആല്‍ബം യൂടൂബില്‍ തരംഗമാകുന്നു. ഒരാഴ്ച മുന്‍പ് റിലീസ് ചെയ്ത മ്യൂസിക്കല്‍ ആല്‍ബം ഇതിനോടകം പതിനായിരക്കണക്കിനു പേരാണ് കണ്ടത്. കണ്ടും കേട്ടും പറഞ്ഞും മടുത്ത പ്രണയദൃശ്യതയെ പൂര്‍ണമായും മാറ്റിനിര്‍ത്തി പുതിയ രീതികളാണ് സംവിധായകന് പ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കിയത്.
പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ കൊണ്ടുപോകുന്ന ഊബര്‍ ഈറ്റ്സ് പ്രണയകഥ കഴിഞ്ഞയാഴ്ചയാണ് ചലച്ചിത്ര താരം ബിജു മേനോന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതി ഡെലിവറി ചെയ്യാനെത്തിയ യുവാവുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് മനോഹരമായ ആല്‍ബം പാട്ടിലൂടെ ദൃശ്യസാധ്യമാകുന്നത്.
കേവലമൊരു മ്യൂസിക്കല്‍ ആല്‍ബം എന്നതിലപ്പുറം തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന ഡിജിറ്റല്‍ യുഗത്തിലെ പ്രണയ ജോഡികളുടെ കഥ പറയുകയാണ് ‘ഒരു ഊബര്‍ ഈറ്റ്സ് പ്രണയകഥ’യിലൂടെ നവാഗത സംവിധായകന്. റഷീദ് ഉള്ള്യേരിയാണ് പ്രൊഡ്യൂസര്‍. പ്രിയ, മഹേഷ് എന്നിവരാണ് ആല്‍ബത്തിലുടനീളം അഭിനയിച്ചത്.