UnlockMedia | Kerala's Best News Portal

അണ്ടര്‍ 19: ചരിത്രമെഴുതി ബംഗ്ലാ കടുവകള്‍; ജേതാക്കള്‍

ദക്ഷിണാഫ്രിക്ക: അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ട് ബംഗ്ലാദേശിന്റെ പുതുതലമുറ. ബംഗ്ലാദേശിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് നേടിയെടുത്തത് മൂന്നു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ്. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെടുത്ത 170 റണ്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് കുട്ടിപ്പട സ്വന്തമാക്കി.

ഇന്ത്യന്‍ സ്പിന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പതറിയെങ്കിലും വിജയം അടിച്ചെടുക്കുകയായിരുന്നു. പരുക്കേറ്റ് മടങ്ങിയ ഓപണര്‍ പര്‍വേസ് ഹുസൈന്‍ ഇമോണ്‍ തിരിച്ചുവന്ന് അടിച്ചെടുത്ത 47 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. ക്യാപ്റ്റന്‍ അക്ബര്‍ അലിയും 43 റണ്‍സുമായി മുന്നില്‍നിന്നു.

ഇന്ത്യ നേടിയ 178 റണ്‍സിനെ മറികടക്കാന്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി ഓപണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പര്‍വേസ് ഹുസൈന്‍ ഇമോണും തന്‍സിദ് ഹസനും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയിയുടെ പന്തുകള്‍ക്കു മുന്നില്‍ ഇരുവരും ആദ്യമൊന്നു പരുങ്ങി. നാലു വിക്കറ്റുകളാണ് ബിഷ്‌ണോയി എറിഞ്ഞിട്ടത്. തുടര്‍ന്നാണ് ക്യാപ്റ്റന്‍ അക്ബര്‍ അലിയും ഇമോണും ടീമിനെ കരകയറ്റിയത്.

Exit mobile version