സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഹ്രസ്വ ചിത്രം വഴുതനയുടെ കഥ, തിരക്കഥാകൃത്ത് വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്തെത്തി. തന്റെ ഫേസ് ബുക്ക് പേജിലാണ് ശ്യാം വര്‍ക്കല നിലപാട് തുറന്നെഴുതിയത്.
കുറിപ്പ് ഇവിടെ വായിക്കാം:
പറഞ്ഞേതീരൂ എന്ന അവസ്ഥ വന്നാല്‍ പറയണം, അതെ വഴുതനയെ കുറിച്ചാണ്..! ഇത്രയധികം നെഗറ്റീവ് കമന്റ്‌സ് വന്നിട്ടും എന്നെ പൂര്‍ണ്ണമായും അവഗണിക്കാതെ ഇന്‍ബോക്‌സില്‍ വന്ന് സത്യമെന്തെന്ന് തിരക്കാന്‍ കാണിച്ച കുറെ സുഹൃത്തുക്കളോട് നന്ദി പറയുന്നില്ല., നന്ദി പറഞ്ഞാല്‍ അത് മതിയാകില്ല. സത്യം എന്താണെന്ന് അന്വേഷിക്കാതെ വഴുതനയുമായി ബന്ധപ്പെട്ട പോസ്റ്റുകളിലെല്ലാം എന്റെ പേര് മെന്‍ഷന്‍ ചെയ്ത് തൃപ്തിയടഞ്ഞവരോട് ഒരു ചോദ്യം,ഞാന്‍ ഐഡി പൂട്ടി പോയിട്ടില്ലായിരുന്നു.. മെസ്സെഞ്ചര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലായിരുന്നു…! രണ്ട് വര്‍ഷം മുന്‍പ് നാട്ടിലെ ഒരു പച്ചക്കറിക്കടയില്‍ എനിക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ സാധിച്ച ഒരു സംഭവമാണ് വഴുതന എന്ന കഥയ്ക്ക് ആധാരം.
കടയിലെ ചേട്ടന്‍ എനിക്കുള്ള പച്ചക്കറി എടുത്ത് കൊണ്ടിരിക്കുന്നതിനിടെ ഒരു ചേച്ചി ധൃതിയില്‍ വന്ന് ‘എനിക്കൊരു ഐറ്റം മതി ..കാല്‍ കിലോ വഴുതന.. ഒന്ന് പെട്ടെന്ന് തരാവോ..’ ടയോട് ചേര്‍ന്ന് നിന്ന രണ്ടു പേരില്‍ ഒരാള്‍ പെട്ടെന്ന് ചുമച്ചു. ചേച്ചി സാധനം വാങ്ങി പോയപ്പോള്‍ അവര്‍ പമ്മിച്ചിരിക്കാന്‍ തുടങ്ങി. പെട്ടെന്ന് കടക്കാരന്‍ ചേട്ടന്‍ അവരെ നോക്കി പറഞ്ഞു. ‘മുട്ടി നിക്കുവാ’ അപ്പോള്‍ അവരില്‍ ഒരാള്‍.. ‘മ്….എനിക്കറിയാം ഇവളെ, അങ്ങേര് ഖത്തറിലാ…’
എല്ലാവരും ചേര്‍ന്ന് ചിരിച്ചു. കുറച്ചു വൈകി കാര്യം പിടികിട്ടിയ ഞാനും അവര്‍ക്കൊപ്പം ചിരിച്ചു.! വീട്ടിലേയ്ക്ക് നടക്കുന്ന നേരത്ത് അവര്‍ക്കൊപ്പം ചിരിച്ചതിന് എനിക്കെന്നോട് അറപ്പ് തോന്നി.
എന്റെ വീട്ടിലും ഉണ്ട് സ്ത്രീകള്‍, ഇത് വായിക്കുന്ന എല്ലാവരുടെയും വീട്ടിലുണ്ട്….ഇങ്ങനൊരവസ്ഥയില്‍ അവരും ഇതു പോലെ പരിഹസിക്കപ്പെടില്ലേ…??!!വഴുതന മെഴുക്കിഷ്ട്ടമുള്ള, അതില്ലാതെ ചോറുണ്ണാത്ത മകനോ മകള്‍ക്കോ വേണ്ടി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പൊതിയാന്‍ വേണ്ടിയാണ് ആ വഴുതന അവര്‍ വാങ്ങിയതെങ്കിലോ..? ആ ചിരിച്ചവരുടെയും എന്റെയും മുഖത്ത് തുപ്പണ്ടേ..വേണം.! ആ ചിന്ത ഒരു കഥയായി, തിരക്കഥയായി അതിനൊരു സംവിധായകന്‍ വന്നു, മസ്‌കറ്റില്‍ നില്‍ക്കുമ്പോഴാണ് വാട്ട്‌സ് ആപ്പിലൂടെ സ്‌ക്രിപ്റ്റ് ഞാന്‍ അയച്ചുകൊടുത്തത്. ഷൂട്ടിന് പോകാന്‍ എനിക്ക്
ലീവ് കിട്ടിയില്ല. യൂ ട്യൂബിലാണ് ഞാനും ആദ്യമായി വഴുതന കാണുന്നത്. സംവിധായകന്‍ തന്നെ പറഞ്ഞു കഴിഞ്ഞു, ””എനിക്ക് കിട്ടിയ വിഷയത്തെ എന്റേതായ രീതിയില്‍ അവതരിപ്പിച്ചതാണ് വഴുതനയെന്ന്.””
ഞാനപ്പോള്‍ ചിന്തിച്ച് കൂട്ടി എഴുതിയതെന്തിന്..? നാട്ടില്‍ വന്നപ്പോള്‍ പ്രിവൂ ഷോ കാണാന്‍ അവര്‍ എന്നെ വിളിച്ച നേരം എനിക്ക് പോകാന്‍ സാധിച്ചില്ല. അച്ഛന് രണ്ടാമതും ക്യാന്‍സര്‍ വന്ന് ഞാന്‍ ഹോസ്പിറ്റലില്‍ സ്റ്റക്കായി. യൂ ട്യൂബില്‍ നിങ്ങളൊക്കെ കാണുമ്പോഴാണ് ഞാനും വഴുതന കാണുന്നത്. എന്റെ വാളില്‍ വഴുതനയെ പ്രമോട്ട് ചെയ്യാന്‍ എനിക്ക് മനസ്സ് വന്നില്ല. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും ഞാന്‍ വിളിച്ചില്ല. ആരോടും പരാതിയും പറഞ്ഞില്ല.
എന്നെ അറിയാവുന്ന വഴുതനയെ ആദ്യം മുതല്‍ക്കേ സപ്പോര്‍ട്ട് ചെയ്ത സുഹൃത്തുക്കള്‍ക്ക് വരെ പലരുടെയും പരിഹാസമേറ്റു.എന്നിട്ടും അവര്‍ എന്നെ ആശ്വസിപ്പിച്ചു…
നിങ്ങളോട് ഞാനെങ്ങെനെ എന്റെ സ്‌നേഹം തുറന്നു കാട്ടാനാണ്…തൊഴുന്നു. രണ്ട് ദിവസം ഞാന്‍ ചത്ത് ജീവിച്ചു.
നമ്മുടെ വീടിന്റെ വേലിക്കിടയിലൂടെ അയല്‍ പറമ്പിലെ ഒരു കാന്താരിയോ, വെണ്ടയോ പൊട്ടിക്കുന്ന പോലെ സ്വാഭാവികമായി ചെയ്യേണ്ടുന്ന ഒരു കാര്യം…!!!!!! തെറ്റിദ്ധരിപ്പിക്കേണ്ട രീതിയില്‍ ഒരു ചലനം പോലും വേണ്ടാതെ തന്നെ ഞാന്‍ ഉദ്ദേശിച്ച വികല ചിന്താഗതിക്കാരുടെ മുഖത്തടിക്കാന്‍ വഴുതന എന്ന പേര് തന്നെ ധാരാളമായിരുന്നു.!
വഴുതനയിലെ അയല്‍ക്കാരനെ പോലെ ചിന്താ വൈകല്ല്യമുള്ളവരുടെ മുഖത്ത് തുപ്പല്‍ വീഴേണ്ട രീതിയില്‍ ഞാന്‍ ഡിസൈന്‍ ചെയ്ത കഥ…!
ഞാന്‍ സമയം കണ്ടെത്തണമായിരുന്നു റിലീസിന് മുന്‍പ് വഴുതന കാണാന്‍…പക്ഷേ…വിധി..! ഷൂട്ട് ചെയ്യും മുന്‍പേ ഈ സ്‌ക്രിപ്റ്റ് വായിച്ച അറിയാവുന്ന കുറെ പേരുണ്ട്, ..അതൊരു ആശ്വാസമായി. അവരെക്കെ എന്നെ ആശ്വസിപ്പിച്ചു.
കൂടെനിന്നു…ആരെയും മറക്കില്ല… ജീവിതത്തില്‍ കുറെ തോറ്റ് തോറ്റ് തൊപ്പിയിട്ട് ഇപ്പോ ആ തൊപ്പി തലയില്‍ വെയില്‍ കൊള്ളാതിരിക്കാന്‍ വച്ചു ശീലിച്ചു തുടങ്ങി. ഇനിയും തോല്‍പ്പിച്ച് തൊപ്പി തരാനാണ് ഭാവമെങ്കില്‍ ആ തൊപ്പികള്‍ ഫുഡ്പാത്തിലിട്ട് വിറ്റ് ഞാന്‍ ജീവിക്കും. ഇനി ഒന്നും പറയാനില്ല, വഴുതനയുമായ് ബന്ധപ്പെട്ട് എനിക്കിനി ഒന്നും പറയാനില്ല, എല്ലാ കമന്റ്‌സിനുമുള്ള മറുപടി ഇതിലുണ്ടെന്ന് വിശ്വസിക്കുന്നു. എന്നില്‍ സത്യമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്ക് കൂടെ നില്‍ക്കാം.അല്ലാത്തവര്‍ക്ക് വിമര്‍ശിക്കാം…കടന്ന് പോകാം..! വഴുതനയുടെ വിധി ഇതാണ്..അത് കഴിഞ്ഞു.
തോറ്റ് പോയെന്ന് കരുതി കാലിന്റിടയില്‍ തല തിരുകി മോങ്ങാനെനിക്ക് മനസ്സ് വരുന്നില്ല. ഇതു വരെ തുടര്‍ന്നു വന്ന ശൈലിയില്‍ നിന്നും അണുവിട മാറാനും പ്ലാനില്ല. ഇന്നലെ രാത്രി ഇത്രയും വിഷമങ്ങള്‍ക്കിടയിലും, വിവാദങ്ങള്‍ക്കിടയിലും ഞാന്‍ പുതിയൊരു ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്തു. ഒരു കുഞ്ഞ് ഫിലിം..സീറോ ബഡ്ജറ്റില്‍….അതിന്റെ ടീസര്‍ ലിങ്ക് ഞാന്‍ താഴെ കൊടുക്കുന്നു.. എനിക്ക് അതിജീവിച്ചേ പറ്റൂ…
കാരണം ഞാന്‍ ശ്വസിക്കുന്നത് പോലും സിനിമയാണ്..!