- വാച്ചൗട്ട് ആന്റി നാസി ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു
കോഴിക്കോട്: താന്‍ അഭിനയിച്ച സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നുവെന്നും ഇനിയുള്ള സിനിമകളില്‍ അത് വരാതിരിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും ചലച്ചിത്ര നടി പാര്‍വതി തിരുവോത്ത്. ഇതില്‍ ഞാന്‍ ഖേദിക്കുന്നുണ്ട്. ഉത്തരവാദിത്വത്തില്‍നിന്ന് ഒരിക്കലും പിന്മാറില്ല. പലതും പഠിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു. ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യാ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍ക്കൊള്ളിച്ച് സംഘടിപ്പിച്ച ‘വാച്ച് ഔട്ട് അഖില ഭാരതീയ ആന്റിനാസി’ ചലച്ചിത്ര മേളയില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.
എല്ലാ സ്വത്വങ്ങളെയും ഉള്‍ക്കൊളാനുവന്നവര്‍ക്കേ ഫാസിസത്തിനെതിരേ പോരാടാനാകൂ. എല്ലാതരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണം. അവര്‍ക്ക് മാത്രമേ ഫാസിസത്തിനും വംശഹത്യക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. താന്‍ അഭിനയിച്ച സിനിമകളിലെ സ്ത്രീ ദലിത് കീഴാള മുസ്ലിം ട്രാന്‍സ് രാഷ്ട്രീയ ശക്തികളുടെ സംഘര്‍ഷങ്ങളെ പ്പറ്റി ഇപ്പോള്‍ ബോധവതയാണ്. തുറന്ന മനസോടെയും ഉത്തരവാദിത്ത ബോധത്തോടെയും സിനിമയെ സമീപിക്കും-അവര്‍ പറഞ്ഞു.
സംവിധായികയും നടിയുമായ നന്ദിതാ ദാസ് മുഖ്യാതിഥിയായി. സംവിധായകരായ മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, സക്കരിയ, ഫഹീം ഇര്‍ഷാദ്, മാധ്യമപ്രവര്‍ത്തകന്‍ കെ.എ സലീം, ഗവേഷകന്‍ ഡോ. കെ. അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.