ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയ യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റേയും ദേശീയ നേതാക്കള്‍ അറസ്റ്റില്‍. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍, ജനറല്‍സെക്രട്ടറി കേരളത്തിലെ സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫ് അലി, ഡല്‍ഹി കെ.എം.സി.സി ട്രഷറര്‍ ഖാലിദ് റഹ്മാന്‍ എന്നിവരെയാണ് അറസ്റ്റുചെയതത്. ഇവരെ ഡല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവനിലാണ് ഇവര്‍ പ്രതിഷേധിച്ചത്.
അതേസമയം കോഴിക്കോട് പ്രതിഷേധം നടത്തുകയായിരുന്ന പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസ് എന്നിവരേയും കോഴിക്കോട് നിന്ന് അറസ്റ്റുചെയ്തു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
മുസ്‌ലിം ലീഗ് എം.എല്‍.എമാരായ എം.സി ഖമറുദ്ദീന്‍, അഡ്വ. എ.എന്‍ ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എന്നിവര്‍ കോണ്‍ഗ്രസ് എം.പിമാരായ കെ. സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരോടൊപ്പം മംഗളൂരൂവില്‍ വെടിയേറ്റു മരിച്ചവരുടെ വീടും സംഘര്‍ഷ പ്രദേശവും സന്ദര്‍ശിച്ചുകൊണ്ടിരിക്കുകായാണ്.
മലപ്പുറത്ത് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഇപ്പോള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നുണ്ട്. വരുദിവസങ്ങളിലും പ്രതിഷേധം വ്യാപകമാക്കാനാണ് ലീഗിന്റെ തീരുമാനം.